ദില്ലിയില്‍ പാക് ഭീകരന്‍ പിടിയില്‍: രാജ്യവ്യാപകമായി എന്‍ഐഎയുടെ റെയ്ഡ്

പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ മുഹമ്മദ് അഷ്റഫ് ആണ് ദില്ലി പൊലീസിന്റെ പിടിയിലായത്.

ദില്ലിയില്‍ പാക് ഭീകരന്‍ പിടിയില്‍: രാജ്യവ്യാപകമായി എന്‍ഐഎയുടെ റെയ്ഡ്

ഡൽഹി: ദില്ലിയില്‍ നിന്ന് പാകിസ്ഥാന്‍ ഭീകരനെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ മുഹമ്മദ് അഷ്റഫ് ആണ് ദില്ലി പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ എകെ 47 തോക്കും ഒരു ഗ്രാനേഡും രണ്ട് പിസ്റ്റലും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.ഇന്ത്യന്‍ പൗരനെന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ദില്ലിയില്‍ താമസിച്ചിരുന്നത്.

ലക്ഷ്മി നഗറിലെ പാര്‍ക്കില്‍ നിന്നും ദില്ലി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ ആണ് ഇയാളെ പിടികൂടിയത്. ഒക്ടോബര്‍ ഒമ്പതിന് ദില്ലി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഉത്സവകാലം കണക്കിലെടുത്ത് പ്രദേശവാസികളുടെ സഹായത്തോടെ ഭീകരരെ പ്രതിരോധിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.

അതിനിടെ പിടികൂടിയ ഭീകരന് സാമ്ബത്തിക സഹായം ഉള്‍പ്പെടെ നല്‍കിയവരെ തപ്പി രാജ്യവ്യാപകമായി എന്‍ ഐ എ റെയ്ഡ് തുടങ്ങി. നവരാത്രി ദിനത്തില്‍ സ്‌ഫോടനം നടത്തുകയായിരുന്നു പിടിയിലായ തീവ്രവാദിയുടെ ലക്ഷ്യം എന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാളെ സഹായിച്ചവര്‍ക്കു വേണ്ടിയാണ് കേരള  മുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എന്‍ ഐ എ റെയ്ഡ് നടത്തുന്നത്. ഉത്തരേന്ത്യയില്‍ മാത്രം 18 സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഉത്തര്‍പ്രദേശ്, ന്യൂഡല്‍ഹി, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും എന്‍ ഐ എ റെയ്ഡുകള്‍ നടത്തുന്നത്. ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാ ഹിദ്ദീന്‍ എന്നീ സംഘടനകള്‍ക്ക് സാമ്ബത്തിസഹായം നല്‍കുന്നവരെയാണ് മുഖ്യമായും അന്വേഷിക്കുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി കാശ്മീരില്‍ ഭീകരപ്രവര്‍ത്തനം വര്‍ദ്ധിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് റെയ്ഡ് നടത്തുന്നത്. അതിനൊപ്പം ഗുജറാത്തിലെ മുന്ദ്ര തീരത്തു നിന്ന് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയതും അന്വേഷിക്കുന്നുണ്ട്. കേരളത്തില്‍ തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ്. മാവോയിസ്റ്റുകളെ തേടിയാണ് കേരളത്തിലും തമിഴ്നാട്ടിലും റെയ്ഡ് പുരോഗമിക്കുന്നത്. തമിഴ്നാട്ടില്‍ കോയമ്ബത്തൂരിലെ പുളിയങ്കുളം, സുങ്കം, പൊള്ളാച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്. കേരളത്തില്‍ വച്ച് പിടിയിലായ മാവോയിസ്റ്റ് നേതാവുമായി ബന്ധമുള്ളവരെയാണ് അന്വേഷിക്കുന്നത്.