തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ ഉയര്‍ന്നുവന്ന നീലട്രോളി വിവാദത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രസ്താവന നടത്തിയ സംസ്ഥാന കമ്മിറ്റി അംഗം എന്‍എന്‍ കൃഷ്ണദാസിനെതിരെ നടപടി. കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു കൃഷ്ണദാസിന്റെ പ്രസ്താവനയെന്ന് എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗോവിന്ദന്‍ പറഞ്ഞു.
‘തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ വിവിധ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു. പ്രശ്നങ്ങള്‍ പൊതുവായി ചര്‍ച്ചചെയ്ത് നിലപാട് സ്വീകരിക്കുന്നതില്‍നിന്ന് വ്യത്യസ്തമായാണ് എന്‍എന്‍ കൃഷ്ണദാസില്‍നിന്ന് ഉണ്ടായ പ്രതികരണം. ഇത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിശദമായി പരിശോധിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം യോജിപ്പോടെ മുന്നോട്ടുകൊണ്ടുപോവേണ്ടതാണ്. അത്തരം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് തോന്നിക്കുന്ന രീതിയില്‍ പ്രതികരിച്ച പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗത്തെ പരസ്യമായി താക്കീത് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു’, എംവി ഗോവിന്ദന്‍ പറഞ്ഞു.