‘2012 കെ വൈ 3’ എന്ന ഭീമന്‍ ഛിന്നഗ്രഹം ഏപ്രില്‍ 13 ന് ഭൂമിക്കരികിലൂടെ കടന്നുപോവുന്നു. ഭൂമിയില്‍ നിന്ന് ഏകദേശം 47,84,139 കിലോമീറ്റര്‍ ദൂരത്തുകൂടിയാണ് ഇതിന്റെ പോക്ക്. സൗരയൂഥം രൂപീകരിക്കപ്പെടുന്ന കാലത്ത് സൃഷ്ടിക്കപ്പെട്ട ശിലാരൂപങ്ങളാണ് ഛിന്നഗ്രഹങ്ങള്‍. നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് എന്ന വിഭാഗത്തിലാണ് 2012 കെ വൈ 3 യെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
0.5 മുതല്‍ കിലോമീറ്ററിലേറെ വ്യാസമുള്ള ഛിന്നഗ്രഹമാണിത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിക്കുന്ന ബഹിരാകാശ ശിലകള്‍ അവിടെ തന്നെ കത്തിതീരാറുണ്ട്. എന്നാല്‍ ഒരു കിലോമീറ്ററോ അതില്‍ കൂടുതലോ വ്യാസമുള്ള ഛിന്നഗ്രഹങ്ങള്‍ക്ക് അന്തരീക്ഷം കടന്ന് ഭൂമിയില്‍ പതിക്കാനുള്ള ശേഷിയുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.
എങ്കിലും ഭൂമിയ്ക്ക് യാതൊരു വിധത്തിലും വെല്ലുവിളി സൃഷ്ടിക്കുന്ന ഛിന്നഗ്രഹമല്ല 2012 കെവൈ3. ഭൂമിയില്‍ നിന്ന് 47 ലക്ഷം കിലോമീറ്റര്‍ ദൂരപരിധിയിലൂടെ മണിക്കൂറില്‍ ഏകദേശം 63180 കിമീ വേഗത്തില്‍ ഇത് സുരക്ഷിതമായി കടന്ന് പോവും.
2012 ലാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത് എങ്കിലും 1902 മുതലുള്ള ഈ ഛിഹ്നഗ്രഹത്തിന്റെ സഞ്ചാര പഥം ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി കണക്കാക്കിയിട്ടുണ്ട്. 2019 ജനുവരിയിലാണ് ഇത് ഇതിന് മുമ്പ് ഭൂമിയോട് എറ്റവും അടുത്തത്. അന്ന് ഭൂമിയില്‍ നിന്ന് 6,86,88,436 കിമീ ദൂരത്തായിരുന്നു ഇത്. 2025 ലാണ് ഇത് വീണ്ടും ഭൂമിയ്ക്ക് സമീപത്തെത്തുക.