വെറും മരമല്ല വിഷമരം;  പച്ച നിറത്തില്‍ തിളങ്ങുന്ന കട്ടിയേറിയ പശ കൊടും വിഷം

ഈ മരത്തിന്റെ തടിയില്‍ 25 ശതമാനം നിക്കല്‍ സാന്നിധ്യമുണ്ട്.

വെറും മരമല്ല വിഷമരം;  പച്ച നിറത്തില്‍ തിളങ്ങുന്ന കട്ടിയേറിയ പശ കൊടും വിഷം

 

ദക്ഷിണ പസഫിക്കിലെ ന്യൂ കാലെഡോണിയന്‍ ദ്വീപില്‍ വളരുന്ന 'പൈക്ക്നാന്‍ഡ്രാ അക്യുമിനാ‌റ്റ' എന്ന മരത്തിലാണ് അമിതമായ നിക്കൽ (ലോഹം) സാന്നിധ്യമുള്ളത്. മരത്തിന്റെ തടി മുറിച്ചാല്‍ പുറത്ത് വരുന്ന പച്ച നിറത്തില്‍ തിളങ്ങുന്ന കട്ടിയേറിയ പശ മറ്റ് ജീവജാലങ്ങളെ സംബന്ധിച്ച് കൊടും വിഷമാണ്. ഈ മരത്തിന്റെ തടിയില്‍ 25 ശതമാനം നിക്കല്‍ സാന്നിധ്യമുണ്ട്. മനുഷ്യശരീരത്തിലും മറ്റ് ജീവജാലങ്ങളിലും നിക്കൽ സാന്നിധ്യമുണ്ട്, എന്നാൽ ഇത് വളരെ നേർത്ത അളവിലാണ്. ഇത് അമിതമായാൽ വിഷമാണ്. ഫ്രാൻസിന്റെ അധികാര പരിധിയിൽ വരുന്ന പ്രദേശമാണ് മരത്തിനെ വാസസ്ഥലമായ ന്യൂ കാലെഡോണിയന്‍ ദ്വീപസമൂഹം.

വലിയ അളവ് നിക്കല്‍ ഉള‌ളില്‍ ചെന്നാല്‍ മനുഷ്യന് ജീവഹാനിയോ ഗുരുതര രോഗങ്ങളോ ഉറപ്പാണ്. എന്നാല്‍ ഹൈപ്പര്‍ അക്യുമുലേറ്ററുകള്‍ വിഭാഗത്തിൽ വരുന്ന ചെടികൾ ലോഹങ്ങൾ വലിയ അളവിൽ സ്വീകരിക്കും. 'പൈക്ക്നാന്‍ഡ്രാ അക്യുമിനാ‌റ്റ'  ഇത്തരത്തിൽ ഏറ്റവും അധികം നിക്കൽ സാന്നിധ്യം കണ്ടെത്തിയ അത്ഭുത മരമാണ്. 

ഇതിന്റെ തടി നിക്കൽ ലോഹ അയിരിന്റെ ഉല്‍പാദന സ്രോതസായും കാണുന്നുണ്ട്. ലോകത്തിലെ തന്നെ 10 ശതമാനത്തോളം നിക്കൽ നിക്ഷേപമുള്ള പ്രദേശമാണ് ഈ മരം കാണപ്പെടുന്ന ന്യൂ കാലെഡോണിയന്‍ ദ്വീപസമൂഹം. മണ്ണിലെ വലിയ അളവിലുള്ള നിക്കൽ സാന്നിധ്യമാണ് ഈ മരത്തിലും കാണുന്നത്. എന്നാൽ എങ്ങനെ ഇത്രയധികം ലോഹ സാന്നിധ്യത്തിൽ വളർച്ച സാധ്യമാകുന്നു എന്നത് സംബന്ധിച്ച് ശാസ്ത്രഞ്ജർ ഗവേഷണം നടത്തുകയാണ്.


വനനശീകരണവും ഖനനവും മൂലം ഈ മരം വംശനാശ ഭീഷണി നേരിടുകയാണെന്നും ക്വീന്‍സ്‌ലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകന്‍ ഡോ.ആന്റണി വാന്‍ ഡെര്‍ എന്റ് പറയുന്നു.