പൂവാറില്‍ രോഗിയായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു

പൂവാര്‍ പെട്രോള്‍ പമ്പിന് സമീപമാണ് പൂവാര്‍ കല്ലിംഗവിളാകം മണ്ണാംവിളാകാം സ്വദേശി സുധീര്‍ ഖാനാണ്(35) പൊലീസിന്റെ മര്‍ദനത്തില്‍ പരിക്കേറ്റത്.

പൂവാറില്‍ രോഗിയായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പൂവാറില്‍ രോഗിയായ യുവാവിനെ മര്‍ദിച്ച എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. പൂവാര്‍ പെട്രോള്‍ പമ്പിന് സമീപമാണ് പൂവാര്‍ കല്ലിംഗവിളാകം മണ്ണാംവിളാകാം സ്വദേശി സുധീര്‍ ഖാനാണ്(35) പൊലീസിന്റെ മര്‍ദനത്തില്‍ പരിക്കേറ്റത്. പൂവാര്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ സനലിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി മധു ആണ് അന്വേഷണ വിധേയമായി എസ്.ഐയെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. 

ഞയാറാഴ്ച രാവിലെ 11 മണിയോടെ പൂവാര്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. ഡ്രൈവറായ സുധീര്‍ രോഗിയായ ഭാര്യയെ വീട്ടിലേക്ക് ബസ് കയറ്റി വിട്ട ശേഷം പൂവാര്‍ പെട്രോള്‍ പമ്പില്‍ എത്തി ഇന്ധനം നിറച്ച് പമ്പില്‍ നിന്ന് പുറത്ത് ഇറങ്ങുകയും തുടര്‍ന്ന് പമ്പിന് സമീപം റോഡ് വശത്ത് ബൈക്ക് നിറുത്തി റോഡിന് താഴേക്ക് മൂത്രമൊഴിക്കാന്‍ ഇറങ്ങിയ സുധീറിനെ ഇതുവഴി ജീപ്പില്‍ വന്ന പൂവാര്‍ എസ്.ഐ സനലും സംഘവും തടഞ്ഞു നിറുത്തി ചോദ്യം ചെയ്തു. 

എന്തിനാണ് ഇവിടെ നിക്കുന്നത് എന്ന് ചോദിച്ച പൊലീസുകാരോട് സുധീര്‍ കാര്യം പറയുകയും തുടര്‍ന്ന് ലൈസന്‍സും ബൈക്കിന്റെ രേഖകളും എടുക്കാന്‍ എസ്.ഐ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് സുധീര്‍ തിരിയവെ ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ സുധീറിനെ ലാത്തി വെച്ച് അകാരണമായി അടിക്കുകയായിരുന്നു. തുടര്‍ന്ന് സുധീറിനോട് സ്റ്റേഷനില്‍ എത്താന്‍ എസ്.ഐ ആവശ്യപ്പെട്ടു. സ്റ്റേഷനില്‍ എത്തിയ സുധീറിന്റെ മൊബൈല്‍ ഫോണ്‍ എസ്.ഐ എസ്.ഐ സനല്‍ പിടിച്ചു വാങ്ങി വെക്കുകയും സ്റ്റേഷനില്‍ വെച്ചും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. 

നീ ഈ.എം.എസ് കോളനിയില്‍ ഉള്ളത് അല്ലെടാ നീ മുസ്ലിം അല്ലെടാ എന്നും നീ എന്തിനാടാ ഇവിടെ വന്നത് റന്നും ചോദിച്ചു വീണ്ടും തന്നെ എസ്.ഐ മര്‍ദ്ദിച്ചതായി സുധീര്‍ പറഞ്ഞു. തന്റെ വീട് കല്ലിംഗവിളാകം ചന്തയ്ക്ക് പുറകില്‍ ആണെന്നും ഈ.എം.എസ് കോളനിയില്‍ അല്ലെന്നും സുധീര്‍ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. താന്‍ കൈകാലുകള്‍ക്ക് വിറയലുള്ള രോഗി ആണെന്നും അടികരുത് അടികരുത് എന്ന് അപേക്ഷിച്ചു പറഞ്ഞിട്ടും എസ്.ഐ മര്‍ദനം തുടര്‍ന്നതായി സുധീര്‍ പറയുന്നു. 

വീട്ടുകാരെ വിളിക്കണമെന്നും പരിക്ക് പറ്റിയ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുധീര്‍ ആവശ്യപ്പെട്ടെങ്കിലും 5 മണി ആയി സി.ഐ വരാതെ വിടില്ല എന്നും എന്ത് തെറ്റ് ആണ് താന്‍ ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ കേസെടുത്ത് റിമാന്‍ഡ് ചെയ്യുമെന്ന് പറഞ്ഞതായും സുധീര്‍ പറയുന്നു. സുധീറിനെ റോഡിലിട്ട് മര്‍ദിക്കുന്നത് കണ്ടവരാണ് വിവരം വീട്ടുകാരെ അറിയിക്കുന്നത്. വിവരം അറിയാന്‍ വീട്ടുകാര്‍ സുധീറിന്റെ മൊബൈലിലേക്ക് വിളിച്ചെങ്കിലും പൊലീസുകാര്‍ കാള്‍ കട്ട് ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. 

തുടര്‍ന്ന് സുധീറിന്റെ സഹോദരി ഭര്‍ത്താവ് പൂവാര്‍ സ്റ്റേഷനില്‍ എത്തി സംഭവം തിരക്കിയെങ്കിലും പോലീസുകാരുടെ ഭാഗത്ത് നിന്ന് മോശം അനുഭവം ആണ് നേരിട്ടതെന്നും സുധീറിനെ കാണണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് നിഷേധിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. ആളുകള്‍ കൂടുന്നത് കണ്ടതിനെ തുടര്‍ന്നാണ് രാത്രി 7 മണിയോടെ സുധീറിനെ പൊലീസ് വിട്ടയച്ചത്. തുടര്‍ന്ന് സുധീറിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലാത്തി കൊണ്ടുള്ള അടിയിലും മര്‍ദനത്തിലും ശരീരമാസകലം സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. രോഗിയായ ഭാര്യയും രോഗ ബാധിതനായ മകന്‍ ഉള്‍പ്പടെ 3 മക്കളും അടങ്ങുന്ന സുധീറിന്റെ കുടുംബം പണി പൂര്‍ത്തിയാകാത്ത വീട്ടിലാണ് കഴിയുന്നത്. സുധീറിന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. ഈ സംഭവത്തോടെ ശാരീരികമായും മാനസികമായും തളര്‍ന്ന അവസ്ഥയിലാണ് സുധീര്‍. സംഭവത്തില്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സംസ്ഥാന പൊലീസ് മേധാവി, പൊലീസ് കംപ്ലൈന്റ്റ് അതോറിറ്റി എന്നിവര്‍ക്ക് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.