ഒരുപാട് യാത്രകള്‍ ചെയ്യുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. ഇടയ്ക്ക് മാത്രം സിനിമകൾ ചെയ്യുന്ന പ്രണവ് ഇപ്പോള്‍ എവിടെയാണെന്ന് ആരാധകര്‍ അന്വേഷിക്കാറുണ്ട്. യാത്രചെയ്യുന്ന ചില സ്ഥലങ്ങളുടെ ചിത്രങ്ങളും കുറിപ്പുകളും കവിതാശകലങ്ങളുമെല്ലാം പ്രണവ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെയ്ക്കാറുണ്ട്. പ്രണവ് ഇപ്പോള്‍ സ്‌പെയിനിലാണെന്നും അവിടെ ഒരു ഫാമിലോ മറ്റോ ജോലിചെയ്യുകയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അമ്മ സുചിത്ര മോഹന്‍ലാല്‍. രേഖാ മേനോന്റെ എഫ്ടിക്യൂ വിത്ത് രേഖാ മേനോന്‍ എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് സുചിത്ര മകനെ കുറിച്ച് പരാമര്‍ശിച്ചത്.
അപ്പു സ്‌പെയിനിലാണിപ്പോള്‍. അവിടെ ഏതോ ഫാമിലോ മറ്റോ ആണ്. എനിക്ക് കൃത്യമായി അറിയില്ല. ജോലിക്ക് പോയതാണ്. എന്നാല്‍, അവിടെ പണം കിട്ടില്ല. താമസവും ഭക്ഷണവും മാത്രമേ ലഭിക്കൂ. ചിലപ്പോള്‍ കുതിരകളേയോ ആട്ടിന്‍കുട്ടികളേയോ നോക്കുന്നതായിരിക്കും ജോലി. അതൊരു അനുഭവമാണ്, സുചിത്ര പറഞ്ഞു.
യാത്രകള്‍ കഴിഞ്ഞ് തിരിച്ചുവന്നാല്‍ ചിലപ്പോള്‍ അവന്‍ വിശേഷങ്ങള്‍ പങ്കുവെക്കും. അപ്പോള്‍ ഞങ്ങള്‍ പറയും ‘ഇന്ന് ഇളകി’ എന്ന്. അങ്ങനെ വിശേഷങ്ങള്‍ പറയുന്ന സമയത്ത് പ്രണവിന് ആരും കാണാത്ത ഒരു മോഡ് ആണെന്നും സുചിത്ര പറഞ്ഞു.
“അപ്പുവിന് വാശികളില്ല. എന്നാല്‍, അങ്ങനെ ചെയ്യ് ഇങ്ങനെ ചെയ്യ് എന്ന് ഞാന്‍ പറഞ്ഞാലും അവന്‍ അവന്റെ ഇഷ്ടമനുസരിച്ചേ ചെയ്യുകയുള്ളു. സിനിമകളുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും അതങ്ങനെയാണ്. എനിക്ക് കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമാണ്. അതുകൊണ്ട് ഞാന്‍ ചുമ്മാ പോയിരുന്ന് കേള്‍ക്കും. പക്ഷേ തീരുമാനം അപ്പുവിന്റേതാണ്. അവന്‍ രണ്ട് വര്‍ഷത്തില്‍ ഒരു പടമൊക്കെയാണ് ചെയ്യുന്നത്. ഒരു വര്‍ഷത്തില്‍ രണ്ടെണ്ണമെങ്കിലും ചെയ്യാനാണ് ഞാന്‍ പറയാറ്. അപ്പോള്‍ വേറെ കുറേ കാര്യങ്ങളുണ്ടെന്ന് അവനെന്നോട് പറയും. ചിലപ്പോഴൊക്കെ അവനങ്ങനെ പറയുന്നത് എനിക്ക് ശരിയായി തോന്നില്ല. പക്ഷേ, പിന്നീട് ആലോചിക്കുമ്പോള്‍ അവന്‍ പറഞ്ഞത് ശരിയാണ് എന്നെനിക്ക് തോന്നും. അവന്‍ എല്ലാം ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നതാണ് അത്”.