കല്‍പ്പറ്റ:വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ റോഡ് ഷോ നടത്തി ജനങ്ങളെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് കലക്ടറേറ്റിലെത്തിയത്. അമ്മ സോണിയ ഗാന്ധി, ഭർത്താവ് റോബർട്ട് വാധ്‌ര, മകൻ റെയ്‌ഹാൻ വാധ്‌ര എന്നിവർക്കൊപ്പമാണ് പ്രിയങ്കയെത്തിയത്. മൂന്നു സെറ്റ് പത്രികയാണ് സമർപ്പിക്കുന്നത്. ഒരു സെറ്റ് പത്രിക സമർപ്പിച്ചു.
തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനായി എത്തിയ പ്രിയങ്ക ഗാന്ധിക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കി . റോഡ്‌ഷോയ്ക്ക് ശേഷം പ്രിയങ്കയുടെ പൊതുപരിപാടി ആരംഭിച്ചു. സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പടെ വേദിയിലുണ്ട്. വയനാടിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നത് ആദരമായി കണക്കാക്കുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. പതിനേഴാം വയസിലാണ് താന്‍ ആദ്യമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. വയനാടിന്റെ ഭാഗമാകുന്നത് വലിയ അംഗീകാരമാണെന്നും പ്രിയങ്ക പറഞ്ഞു.
വയനാട്ടിലെ ജനകീയ വിഷയങ്ങളില്‍ ഇടപെടും. ഓരോ ആളുകളുടെയും വീട്ടിലെത്തി പ്രശ്‌നങ്ങള്‍ കേള്‍ക്കും. താന്‍ കാരണം ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
വലിയ ആവേശത്തോടെയാണ് ന്യൂ ബസ് സ്റ്റാന്റില്‍ നിന്ന് ആരംഭിച്ച പ്രിയങ്കയുടെ റോഡ് ഷോയില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തത്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും കെ സുധാകരനും പി കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പടെ പ്രിയങ്ക ഗാന്ധിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു.പതിനായിരങ്ങളാണ് റോഡ് ഷോയുടെ ഭാഗമായത്.