back to top
Thursday, January 16, 2025
Google search engine
HomeLatest Newsപ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനുമായ പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍ അന്തരിച്ചു

പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനുമായ പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ ചെമ്പൂക്കാവ് ധന്യശ്രീയില്‍ പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍(96) അന്തരിച്ചു. എറണാകുളത്തെ സാന്ത്വന പരിചരണകേന്ദ്രത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.15 -നായിരുന്നു അന്ത്യം.

വിദ്യാഭ്യാസ വിദഗ്ധന്‍കൂടിയായിരുന്ന അദ്ദേഹം എം.ആര്‍.സി. എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൻ്റെ പ്രമുഖ വക്താക്കളിലൊരാളായ എം.ആര്‍. ചന്ദ്രശേഖരന്‍ കോളേജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ.യുടെ സ്ഥാപക നേതാക്കളിലൊരാളാണ്.

മാധ്യമപ്രവര്‍ത്തകനായാണ് അദ്ദേഹം തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നവജീവന്‍ മാസികയുടെ എഡിറ്ററായിരുന്നു. മാതൃഭൂമിയില്‍ സബ് എഡിറ്ററായും സേവനമനുഷ്ഠിച്ചു.

‘മലയാളനോവല്‍ ഇന്നും ഇന്നലെയും’ എന്ന പുസ്തകത്തിന് 2010-ല്‍ കേരള സാഹിത്യ അക്കാദമിയുടെ നിരൂപണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം ലഭിച്ചു. വിവര്‍ത്തനത്തിന് എം.എന്‍. സത്യാര്‍ഥി പുരസ്‌കാരവും നേടി.

കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിൻ്റെ ചരിത്രം, എൻ്റെ ജീവിതകഥയിലെ എന്‍.വി. പര്‍വ്വം, കമ്യൂണിസം ചില തിരുത്തലുകള്‍, ഉഴുതുമറിച്ച പുതുമണ്ണ്, ജോസഫ് മുണ്ടശ്ശേരി: വിമര്‍ശനത്തിൻ്റെ പ്രതാപകാലം, ഗ്രന്ഥപൂജ, ലഘുനിരൂപണങ്ങള്‍, ഗോപുരം, സത്യവും കവിതയും, നിരൂപകൻ്റെ രാജ്യഭാരം തുടങ്ങി നിരവധി പുസ്തകങ്ങളെഴുതി. നിരൂപണത്തില്‍ അന്‍പതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.

സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍-നിര്‍വാഹക സമിതി അംഗമായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ്, മലയാളം സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ എന്നിവയിലും പ്രവര്‍ത്തിച്ചു. കൊടകര നാഷണല്‍ ഹൈസ്‌കൂളിലും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും പയ്യന്നൂര്‍ കോളേജിലും അധ്യാപകനായിരുന്നു.

ഭാര്യ: പരേതയായ വിജയകുമാരി. മക്കള്‍: റാം കുമാര്‍, പ്രിയ. മരുമക്കള്‍: ശങ്കര്‍, ധന്യ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments