back to top
Monday, January 20, 2025
Google search engine
HomeLatest Newsപ്രമുഖ സാഹിത്യകാരനും നാടക ആചാര്യനുമായ പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ള അന്തരിച്ചു

പ്രമുഖ സാഹിത്യകാരനും നാടക ആചാര്യനുമായ പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ള അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ള (100) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്ഥാനത്തിനും വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരനാണ് പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ള. 76 വര്‍ഷത്തിലെറെയായി ഡല്‍ഹിയിലായിരുന്നു താമസം. കവിതയും ഗദ്യസാഹിത്യവും നാടകവുമുള്‍പ്പടെ നിരവധി കൃതികളുടെ കര്‍ത്താവുമാണ്.

1924-ല്‍ വൈക്കം ഓംചേരി വീട്ടില്‍ ജനിച്ച അദ്ദേഹം 1951-ല്‍ ആണ് ആകാശവാണി ജീവനക്കാരനായി ഡല്‍ഹിയില്‍ എത്തിയത്. മലയാളം വാര്‍ത്താ വിഭാഗത്തില്‍ ജോലി തുടങ്ങിയ ഓംചേരി പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റര്‍ ചുമതലകളും ഏറ്റെടുത്തു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

1924 ഫെബ്രുവരി ഒന്നിന് വൈക്കത്തെ ഓംചേരിയില്‍ നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായാണ് ജനനം. സംഗീതജ്ഞന്‍ കമുകറ പുരുഷോത്തമന്റെ സഹോദരിയും എഴുത്തുകാരിയുമായ പരേതയായ ലീലാ ഓംചേരിയാണ് ഭാര്യ. മകന്‍ എസ്.ഡി. ഓംചേരി (ശ്രീദീപ് ഓംചേരി). മകള്‍ ദീപ്തി ഓംചേരി. വൈക്കം അയ്യര്‍കുളങ്ങര ഗവ. യു.പി.സ്‌കൂള്‍, ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം സി.എം.എസ്. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം.

അമേരിക്കയിലെ പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റി, യു.എസ്.എ. മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഗവേഷണം. ഓള്‍ ഇന്ത്യ റേഡിയോ, ഡി.എ.വി.പി., സെന്‍സേഴ്സ് ഓഫീസ്, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥനായിരുന്നു. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മാനേജ്മെന്റ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി, ഉസ്മാനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിസിറ്റിങ് പ്രൊഫസറായി. സമസ്തകേരള സാഹിത്യ പരിഷത്ത് സമ്മാനം (1952), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് – നാടകം (1972), സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡ് (1974), കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്‌കാരം (2010), കേരള സംഗീത നാടക അക്കാദമി പ്രവാസി കലാരത്നാ അവാര്‍ഡ് (2012), നാട്യഗൃഹ അവാര്‍ഡ് (2014), കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പ്രഥമ കേരള പ്രഭാ പുരസ്‌കാരം (2022) എന്നിവ ലഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments