ഐ.പി.എല്ലിൽ രാജസ്ഥാന് തകർപ്പൻ ജയം; ചെന്നൈ സൂപ്പർ കിംഗ്സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി സഞ്ജുപ്പട

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പവര്‍പ്ലേ സ്‌കോറാണ് രാജസ്ഥാന്‍ നേടിയത്.

ഐ.പി.എല്ലിൽ രാജസ്ഥാന് തകർപ്പൻ ജയം; ചെന്നൈ സൂപ്പർ കിംഗ്സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി സഞ്ജുപ്പട

അബുദാബി: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അനായാസം പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. ചെന്നൈ മുന്നോട്ടുവെച്ച 190 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി രാജസ്ഥാന്‍ നേടി. രാജസ്ഥാനായി യശ്വസി ജയ്‌സ്വാളും, ശിവം ദുബെയും അര്‍ധ സെഞ്ചുറികള്‍ നേടി.

 ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പവര്‍പ്ലേ സ്‌കോറാണ് രാജസ്ഥാന്‍ നേടിയത്. ഓരോ ബോളും ബൗണ്ടറികളുമായി  മാറി. അഞ്ചാം ഓവറില്‍ ഹേസല്‍വുഡിനെ മൂന്ന് സിക്‌സിനും ഒരു ഫോറിനും തല്ലിയ ജയസ്വാള്‍ 19 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. പിന്നാലെ അഞ്ചാം ഓവറില്‍ ഠാക്കൂര്‍ ലൂയിസിനെ മടക്കി(12 പന്തില്‍ 27). ആദ്യ വിക്കറ്റില്‍ ലൂയിസ്-ജയസ്വാള്‍ സഖ്യം 5.2 ഓവറില്‍ ചേര്‍ത്തത് 77 റണ്‍സ്.

പവര്‍പ്ലേയില്‍ 81-1 എന്ന കൂറ്റന്‍ സ്‌കോറുണ്ടായിരുന്നു രാജസ്ഥാന്. തൊട്ടടുത്ത പന്തില്‍ മലയാളി കൂടിയായ കെ.എം ആസിഫ് ജയസ്വാളിനെ(21 പന്തില്‍ 50) ധോണിയുടെ കൈകളിലെത്തിച്ചു. സഞ്ജു സാംസണും ശിവം ദുബെയും ചേര്‍ന്ന് 9-ാം ഓവറില്‍ രാജസ്ഥാനെ 100 കടത്തി. 13 ഓവറില്‍ 150 ഉം പിന്നിട്ടു. 32 പന്തില്‍ ദുബെ 50 തികച്ചു. ദുബെ അടി തുടര്‍ന്നതോടെ രാജസ്ഥാന്‍ ചെന്നൈയുടെ റണ്‍മല കടന്ന് അനായാസ ജയത്തിലെത്തുകയായിരുന്നു. ഇതിനിടെ സ‌‌ഞ്ജുവിന്‍റെ(24 പന്തില്‍ 28) വിക്കറ്റ് കൂടിയേ രാജസ്ഥാന് നഷ്‌ടമായുള്ളൂ. ശിവം ദുബെയും(42 പന്തില്‍ 64*), ഗ്ലെന്‍ ഫിലിപ്‌സും(8 പന്തില്‍ 14*) പുറത്താകാതെ നിന്നു.

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ നാല് വിക്കറ്റിന് 189 റണ്‍സെടുത്തു. ഗെയ്‌ക്‌വാദും(60 പന്തില്‍ 101*), ജഡേജയും(15 പന്തില്‍ 32*) പുറത്താകാതെ നിന്നു. രാജസ്ഥാനായി രാഹുല്‍ തെവാട്ടിയ മൂന്നും ചേതന്‍ സക്കരിയ ഒന്നും വിക്കറ്റ് വീഴ്‌ത്തി.

ഇരു ടീമും പ്ലേയിംഗ് ഇലവനില്‍ വലിയ മാറ്റങ്ങളുമായാണ് മത്സരത്തിനിറങ്ങിയത്.  രാജസ്ഥാന്‍ ടീമിൽ അഞ്ച് മാറ്റങ്ങള്‍ വരുത്തി. ഇവരില്‍ ഗ്ലെന്‍ ഫിലിപ്‌സും മായങ്ക് മര്‍ക്കാണ്ഡെയും ആകാശ് സിംഗും റോയല്‍സിനായി കന്നി മത്സരമാണ് കളിച്ചത്. ചെന്നൈ ഡ്വെയ്‌ന്‍ ബ്രാവോയ്‌ക്ക് പകരം സാം കറനും ദീപക് ചഹാറിന് പകരം കെ.എം ആസിഫിനും അവസരം നല്‍കി.