തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം. തുമ്പ സെൻ്റ് സേവ്യേഴ്‌സ് കൊളേജ് ഗ്രൗണ്ടില്‍ അവസാന ദിനം 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: പഞ്ചാബ് 194 & 142. കേരളം 179, 158/2. രോഹന്‍ കുന്നുമ്മല്‍ (48), സച്ചിന്‍ ബേബി (56) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. സല്‍മാന്‍ നിസാര്‍ (6), ബാബ അപരാജിത് (39) പുറത്താവാതെ നിന്നു. രണ്ടാം ഇന്നിംഗ്‌സില്‍ പഞ്ചാബ് കേവലം 142 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീതം നേടിയ ആദിത്യ സര്‍വാതെ, ബാബ അപരാജിത് എന്നിവലാണ് പഞ്ചാബിനെ തകര്‍ത്തത്. രണ്ട് ഇന്നിംഗ്‌സിലുമായി സര്‍വാതെ ഒമ്പത് വിക്കറ്റ് വീഴ്ത്തി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച കേരളം നന്നായിട്ടാണ് തുടങ്ങിയത്. മഴ പെയ്യാന്‍ സാധ്യതയുള്ളതില്‍ ടീം വേഗത്തില്‍ റണ്‍സ് കണ്ടെത്തി. രോഹന്‍ കുന്നുമ്മല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ സച്ചിന്‍ വിക്കറ്റ് പോവാതെ കാത്തു. 38 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 48 റണ്‍സ് നേടിയാണ് രോഹന്‍ മടങ്ങുന്നത്. സച്ചിനൊപ്പം 73 റണ്‍സാണ് രോഹന്‍ കൂട്ടിചേര്‍ത്തത്. പിന്നാലെ അപരാജിതിനെ കൂട്ടുപിടിച്ച് സച്ചിന്‍ കേരളത്തെ വിജയത്തിനടുത്തെത്തിച്ചു. അപരാജിതിനൊപ്പം 75 റണ്‍സ് ചേര്‍ത്താണ് സച്ചിന്‍ മടങ്ങുന്നത്.
രണ്ടാം ഇന്നിംഗ്‌സില്‍ അഭയ് ചൗധരി (12), നമന്‍ ധിര്‍ (7), സിദ്ധാര്‍ത്ഥ് കൗള്‍ (0), കൃഷ് ഭഗത് (5), നെഹല്‍ വധേര (12) എന്നിവരുടെ വിക്കറ്റുകള്‍ പഞ്ചാബിന് തുടക്കത്തില്‍ നഷ്ടമായിരുന്നു. തുടര്‍ന്ന് പ്രഭ്‌സിമ്രാന്‍ സിംഗ് (51) – അന്‍മോല്‍പ്രീത് സിംഗ് (37) സഖ്യം 71 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരേയും ജലജ് സക്‌സേന പുറത്താക്കിയതോടെ പഞ്ചാബ് തകര്‍ന്നു. മായങ്ക് മര്‍കണ്ഡെ (9), രമണ്‍ദീപ് സിംഗ് (0), ഗുര്‍നൂര്‍ ബ്രാര്‍ (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇമന്‍ജോത് സിംഗ് ചാഹല്‍ (0) പുറത്താവാതെ നിന്നു.