വഴിയരികിലെ മതിലിൽ സങ്കടപ്പെട്ടിരിക്കുകയാണ് അവൻ. മനസ്സിലെ മൈതാനത്തിൽ വലിയൊരുകളിക്കളം വരച്ച് ഇരിക്കുമ്പോൾ ബൂട്ടുകൾതൂക്കിയിട്ട സൈക്കിളിൽ ഒരു ഇക്കാക്ക (ചേട്ടൻ) അതുവഴിവന്നു. ലുങ്കിയുടുത്ത ഇക്കാക്ക പാട്ടുകൊണ്ട് അവനെയൊന്നുതലോടി…
‘ഉമ്മാന്റെ കുട്ടീന്റെ മോറെന്താ വാടണ്
പന്തൾചാൻ പൂവാം, പന്തൾചാൻ പൂവാം…
പാടത്ത് പന്തളി നടക്കല്ലേ മാനുട്ട്യേ
പന്തൾചാൻ പൂവാം…’
പന്തെന്നുകേട്ടതോടെ ആ മുഖത്തെ സങ്കടമെല്ലാം മാറി. അവൻ സൈക്കിളിൽ ചാടിക്കയറി. കുറഞ്ഞദിവസംകൊണ്ട് യുട്യൂബിൽ ഹിറ്റായ ‘പന്തൾ ചാന്റ് ‘ എന്ന റാപ്പ് വീഡിയോഗാനത്തിന്റെ ആദ്യരംഗമാണിത്. ഹിപ്ഹോപ്-റാപ് കലാകാരന്മാരായ ഡബ്‌സി, ബേബി ജീൻ, ജോക്കർ എന്നിവർ അണിനിരക്കുന്ന ‘പന്തൾ ചാന്റ്’ കാൽപ്പന്തിന്റെ താളാത്മകവും ആവേശജനകവുമായ സംഗീതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. സംവിധായകനും മലപ്പുറത്തുകാരൻതന്നെ. ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിൻ പരാരി. കളിക്കളത്തിനുസമാനമായ ലഹരി സമ്മാനിക്കുന്ന ഗാനം ഒൻപതുദിവസംകൊണ്ട് 19.18 ലക്ഷം പേർ കണ്ടു. 72,900 പേരാണ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്.