തിരുവനന്തപുരം: മാർച്ച് 31നകം മസ്റ്ററിംഗ് നടത്താത്ത മുൻഗണനാ കാർഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിതത്തിന് യോഗ്യരായവരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കും. ഇക്കാര്യം കേന്ദ്രസർക്കാർ അറിയിച്ചതായി മന്ത്രി ജി.ആർ അനിൽ നിയമസഭയിൽ പറഞ്ഞു. ഈ സാഹചര്യമൊഴിവാക്കാൻ തൊഴിൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കേരളത്തിന് പുറത്ത് താമസിക്കുന്നവരെ എൻ.ആർ.കെ സ്റ്റാറ്റസ് നൽകി റേഷൻ കാർഡിൽ നിലനിറുത്തും. ഇവർക്ക് തത്കാലം റേഷൻ വിഹിതം കിട്ടില്ലെങ്കിലും മസ്റ്ററിംഗ് നടത്തിയ ശേഷം റേഷൻ ലഭ്യമാവും.
ഇതുവരെ 95.83% മുൻഗണനാ കാർഡംഗങ്ങൾ മസ്റ്ററിംഗ് നടത്തി. റേഷൻ കടകളിൽ മസ്റ്ററിംഗിന് സൗകര്യമുണ്ട്. കിടപ്പു രോഗികളുടെ മസ്റ്ററിംഗിന് ഉദ്യോഗസ്ഥർ വീടുകളിലെത്തും. ഇപോസ് മെഷീനിലൂടെ മസ്റ്ററിംഗ് സാദ്ധ്യമായില്ലെങ്കിൽ ഐറിസ് സ്‌കാനറുണ്ട്. മേരാ കെ.വൈ.സി ആപ്പ് വഴിയും മസ്റ്ററിംഗ് നടത്താം. ബോധപൂർവം മസ്റ്ററിംഗ് നടത്താത്തതിന്റെ കാരണം സർക്കാർ പരിശോധിക്കുന്നുണ്ട്. മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ 1,54,80,040 മുൻഗണനാ അംഗങ്ങളിൽ കേന്ദ്രം വെട്ടിക്കുറവ് വരുത്താനിടയുണ്ട്. അതിനാൽ പരമാവധി പേർക്ക് മസ്റ്ററിംഗ് നടത്താനാണ് ശ്രമമെന്നും അർഹരായ ഒരാൾക്കുപോലും റേഷൻ നിഷേധിക്കാൻ പാടില്ലെന്നും ഡി.കെ.മുരളിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.