വാക്സിന്‍ ബ്ലൂപ്രിന്‍റ് മോഷണ ആരോപണങ്ങള്‍ക്കെതിരെ റഷ്യ 

യു.കെയുടെ ഓക്‌സ്ഫഡ് - ആസ്ട്രാസെനക വാക്‌സിന്റെ ബ്ലൂപ്രിന്റ് മോഷ്ടിച്ചാണ് റഷ്യ തങ്ങളുടെ സ്പുട്‌നിക് V വാക്‌സിന്‍ നിര്‍മ്മിച്ചതെന്ന ആക്ഷേപത്തിനെതിരെ റഷ്യ രംഗത്ത്.

വാക്സിന്‍ ബ്ലൂപ്രിന്‍റ് മോഷണ ആരോപണങ്ങള്‍ക്കെതിരെ റഷ്യ 

യു.കെയുടെ ഓക്‌സ്ഫഡ് - ആസ്ട്രാസെനക വാക്‌സിന്റെ ബ്ലൂപ്രിന്റ് മോഷ്ടിച്ചാണ് റഷ്യ തങ്ങളുടെ സ്പുട്‌നിക് V വാക്‌സിന്‍ നിര്‍മ്മിച്ചതെന്ന ആക്ഷേപത്തിനെതിരെ റഷ്യ രംഗത്ത്. സ്പുട്‌നിക് Vയുടെ നിര്‍മ്മാതാക്കള്‍ തന്നെയാണ് മാദ്ധ്യമ വാര്‍ത്തകള്‍ക്ക് മറുപടി നല്‍കിയത്. വാര്‍ത്ത തീര്‍ത്തും വ്യാജമാണെന്ന് അടിസ്ഥാന രഹിതമാണെന്നും ആരോപണങ്ങള്‍ക്ക് ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലെന്നും അധികൃതര്‍ പ്രതികരിച്ചു.

ഹ്യൂമന്‍ അഡിനോ വൈറല്‍ വെക്ടര്‍ സാങ്കേതിക വിദ്യയിലാണ് സ്പുട്‌നികിന്റെ നിര്‍മ്മാണമെന്നും എന്നാല്‍ ആസ്ട്രസെനക ചിമ്ബാന്‍സിയില്‍ നിന്നുള്ള അഡിനോ വൈറല്‍ അധിഷ്ഠിത നിര്‍മ്മാണമാണ് സ്വീകരിച്ചിരിക്കുന്നതെന്നും കമ്ബനി വ്യക്തമാക്കി. നിലവില്‍ ആസ്ട്രാസെനകയെക്കാള്‍ ഫലപ്രാപ്തി സ്പുട്‌നികിനാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ആസ്ട്രാസെനക മനുഷ്യരിലുള്ള ട്രയല്‍ പ്രഖ്യാപിച്ചത്. തൊട്ടടുത്ത മാസമാണ് സ്പുട്‌നിക് V വികസിപ്പി  ച്ചെന്ന് റഷ്യ അറിയിച്ചതും ഓഗസ്റ്റില്‍ അനുമതി നല്‍കിയതും. മനുഷ്യരിലെ ട്രയലുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്നേയാണ് സ്പുട്‌നിക് Vയ്ക്ക് റഷ്യ അനുമതി നല്‍കിയത്.

അതേ സമയം, വാര്‍ത്ത പുറത്തുവിട്ട ബ്രിട്ടീഷ് മാദ്ധ്യമങ്ങളെയാണ് സ്പുട്‌നികിന്റെ നിര്‍മ്മാതാക്കള്‍ വിമര്‍ശിച്ചത്. ആസ്ട്രാസെനകയെ പോലുള്ള ഫലപ്രാപ്തിയുള്ളതും സുരക്ഷിതവുമായ ഒരു വാക്‌സിനെ ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കായി മാദ്ധ്യമങ്ങളിലെ എതിരാളികള്‍ ഉപയോഗിക്കുന്നതിനെതിരെ ബ്രിട്ടീഷ് സര്‍ക്കാരും ഏജന്‍സികളും രംഗത്ത് വരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ബ്രിട്ടന്റെ ആസ്ട്രാസെനക വാക്‌സിന്റെ രൂപരേഖ സ്പുട്‌നിക് V വാക്‌സിന്‍ നിര്‍മ്മിക്കാനായി റഷ്യന്‍ ചാരന്മാര്‍ മോഷ്ടിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ക്രെംലിന്‍ ഏജന്റുകള്‍ വാക്‌സിന്‍ രൂപരേഖ മോഷ്ടിച്ചതിന് തെളിവുകളുണ്ടെന്ന് സുരക്ഷാ വൃത്തങ്ങള്‍ ബ്രിട്ടീഷ് മന്ത്രിമാരെ അറിയിച്ചതായി ബ്രിട്ടീഷ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്ലൂപ്രിന്റും അതീവ പ്രാധാന്യമുള്ള രേഖകളുമാണ് മോഷണം പോയതെന്നായിരുന്നു വിശദീകരണം. ലോകത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ആദ്യ വാക്‌സിനാണ് റഷ്യയുടെ സ്പുട്‌നിക് V. മോസ്‌കോയിലെ ഗമേലയാ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇത് വികസിപ്പിച്ചെടുത്തത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ നിയോഗിച്ച ചാരന്‍ ബ്ലൂ പ്രിന്റ് കൈക്കലാക്കാന്‍ ആസ്ട്രാസെനകയില്‍ കയറിക്കൂടിയെന്നും അവിടെ നിന്ന് മോഷ്ടിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് സ്പുട്‌നിക് V നിര്‍മ്മിച്ചതെന്നുമാണ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വൈറല്‍ വെക്ടര്‍ വാക്‌സിനുകളായ ആസ്ട്രാസെനകയും സ്പുട്‌നിക് Vയും തമ്മില്‍ സാമ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ഇവര്‍ മോഷണത്തിന് വ്യക്തമായ തെളിവുകളുണ്ടെന്നും ആരോപിച്ചിരുന്നു. റഷ്യന്‍ ചാരന്മാര്‍ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ സെര്‍വറുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്നുണ്ടെന്നും ഇവര്‍ പറയുന്നു. സ്പുട്‌നിക് കമ്ബനിയുടെ പ്രതികരണത്തിന് പിന്നാലെ ആരോപണങ്ങള്‍ തള്ളി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവും രംഗത്തെത്തിയിരുന്നു.