മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ സ്ഫോടനത്തിൽ ആണവ സംരക്ഷണ സേനയുടെ തലവൻ ലഫ്റ്റനന്‍റ് ഇഗോർ കിറില്ലോവ് (57) കൊല്ലപ്പെട്ടു. റഷ്യയുടെ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവനാണ് ഇഗോൾ.
മോസ്കോയിലെ റിയാസന്‍സ്‌കി പ്രോസ്‌പെക്റ്റിലെ അപ്പാര്‍ട്ട്‌മെന്റിന്‍റെ പ്രവേശന കവാടത്തിൽ നിർത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം. സ്ഫോടനത്തിൽ ഇഗോറിന്‍റെ സഹായിയായ സൈനികനും കൊല്ലപ്പെട്ടതായി റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ടാസ് റിപ്പോർട്ടു ചെയ്തു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം യുക്രെയ്ൻ സുരക്ഷ സേവന വിഭാഗം ഏറ്റെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ക്രെംലിനിൽനിന്ന് ഏഴു കിലോമീറ്റർ അകലെയാണ് സ്ഫോടനം നടന്നത്.
2017 ഏപ്രിലിലാണ് ആണവ സംരക്ഷണ സേനയുടെ നേതൃത്വം കിറില്ലോവ് ഏറ്റെടുത്തത്. റേഡിയേഷൻ, രാസ, ജീവശാസ്ത്ര, പ്രതിരോധ ട്രൂപ്പുകളുടെ മേധാവിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. യുക്രെയ്നിലെ റഷ്യൻ സൈനിക നടപടികൾക്കിടെ, നിരോധിക്കപ്പെട്ട രാസായുധങ്ങള്‍ പ്രയോഗിച്ചു എന്ന കുറ്റം ചുമത്തിയതിന് പിന്നാലെയാണ് കിറില്ലോവ് കൊല്ലപ്പെടുന്നത്. കിറില്ലോവ് യുദ്ധക്കുറ്റവാളിയാണെന്നും അദ്ദേഹത്തിന്‍റെ കൊലപാതകം ‘തീര്‍ത്തും നിയമാനുസൃത’മാണെന്നും യുക്രെയ്നിലെ ഉന്നതന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.