രാജമൗലിയുടെ ബ്രഹ്മാണ്ഡ ചലച്ചിത്രം ആർആർആറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

റിലീസിന് മുമ്പ് തന്നെ ചിത്രം ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെ കോടികൾ സ്വന്തമാക്കിയിരുന്നു.

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചലച്ചിത്രം ആർആർആറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഹൈദരാബാദ്: ആരാധകർ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം ആർആർആറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2022 ജനുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി രാജമൗലി ഒരുക്കുന്ന  ചിത്രമാണ് ആർആർആർ. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

റിലീസിന് മുമ്പ് തന്നെ ചിത്രം ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെ  കോടികൾ സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് നേടിയത്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്.

ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം- എം.എം. കീരവാണി. പി.ആര്‍.ഒ. ആതിര ദില്‍ജിത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവച്ചിരുന്ന ഷൂട്ടിങ് ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് പുനരാരംഭിച്ചത്.