കോട്ടയം: ശബരിമല സ്‌പോട്ട് ബുക്കിങ് തീരുമാനത്തില്‍ സംയുക്ത യോഗം വിളിച്ച് ഹൈന്ദവ സംഘടനകള്‍. ഈമാസം 26 ന് പന്തളത്താണ് യോഗം. ഒക്ടോബര്‍ 16ന് തിരുവാഭരണ മാളികയില്‍ നാമജപ പ്രാര്‍ഥനയും നടത്തും. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ വിവിധ അയ്യപ്പഭക്ത സംഘടനകളുടെ ഭാരവാഹികള്‍ നടത്തിയ യോഗത്തിലാണ് തീരുമാനം.
ശബരിമല തീര്‍ത്ഥാടനത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അനാസ്ഥകാട്ടുന്നുവെന്നാണ് ആരോപണം. സമരപരിപാടികള്‍, ബോധവല്‍ക്കരണം എന്നിവ നടത്താനും തീരുമാനം. ആചാര സംരക്ഷണ സമിതി, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം ഉള്‍പ്പെടെ വിവിധ ഹൈന്ദവ സംഘടന നേതാക്കളാണ് ചര്‍ച്ചചെയ്ത് ഇക്കാര്യം തീരുമാനിച്ചത്. ആര്‍എസ്എസ് അടക്കം എല്ലാം സംഘടനകളെയും പന്തളത്ത് ചേരുന്ന യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
സ്‌പോട്ട് ബുക്കിങ്ങ് അനുവദിക്കില്ലെന്ന ദേവസ്വം ബോര്‍ഡ് നിലപാട് ശബരിമലയെ വീണ്ടും സംഘര്‍ഷഭരിതമാക്കാനുള്ള ഇടത് സര്‍ക്കാരിന്റെ ആസൂത്രിത നീക്കമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍ വി ബാബു പ്രതികരിച്ചിരുന്നു.
‘കഴിഞ്ഞ വര്‍ഷത്തേതുപോലെ ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം നടത്താനാവാതെ മടങ്ങിപ്പോകേണ്ട അവസ്ഥ ഇത്തവണയും ഉണ്ടാകും. ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റെയും തീരുമാനം ഭക്തരില്‍ അടിച്ചേല്‍പിച്ചാല്‍ ഹൈന്ദവ സംഘടനകള്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വരും’മെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാല്‍ ശബരിമലയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.