Monday, May 29, 2023
spot_img
HomeNewsKeralaതാമരശ്ശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസിൽ അട്ടിമറി; ഉദ്യോഗസ്ഥർ കൂറുമാറി

താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസിൽ അട്ടിമറി; ഉദ്യോഗസ്ഥർ കൂറുമാറി

കോഴിക്കോട്: താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ അട്ടിമറി ശ്രമം. കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം കൂറുമാറി. വിചാരണ വേളയിൽ എട്ട് സാക്ഷികൾ കൂറുമാറി. വനം വകുപ്പിലെ ഡെപ്യൂട്ടി റേഞ്ചറും രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും കൂറുമാറിയവരിൽ ഉൾപ്പെടുന്നു. ഇവരെ കൂടാതെ ഒരു സിവിൽ പൊലീസ് ഓഫീസറും കൂറുമാറി. പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന വിചാരണയ്ക്കിടെയാണ് പ്രതികൾ കൂറുമാറിയത്. 2013 നവംബർ 15ന് കസ്തൂരിരംഗൻ വിഷയത്തിൽ നടന്ന ഹർത്താലിനിടെയായിരുന്നു വനംവകുപ്പ് ഓഫീസിനു നേരെ ആക്രമണമുണ്ടായത്.

ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ കെ രാജീവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രവീൺ, സുരേന്ദ്രൻ എന്നിവരാണ് കൂറുമാറിയ വനം വകുപ്പ് ഉദ്യോഗസ്ഥർ. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ പുരുഷോത്തമനാണ് കൂറുമാറിയ മറ്റൊരാൾ. പ്രതികളെ അറസ്റ്റ് ചെയ്ത താമരശ്ശേരി ഡിവൈഎസ്പി ജെയ്സൺ കെ എബ്രഹാം, സര്‍ക്കിള്‍ ഇന്‍സ്പെക്ടറും നിലവില്‍ കോഴിക്കോട് അസി. കമ്മീഷണറുമായ ബിജുരാജ് തുടങ്ങിയവര്‍ക്കാകട്ടെ പ്രതികളെ തിരിച്ചറിയാനായില്ല. ലോക്കൽ പൊലീസ് ആരംഭിച്ച അന്വേഷണം പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. എസ്.പിയായി വിരമിച്ച പി.പി സദാനന്ദന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അക്രമികളുടെ ദൃശ്യങ്ങൾ, ഇവർ എത്തിയ വാഹനങ്ങൾ, ആക്രമണത്തിനു ഉപയോഗിച്ച ആയുധങ്ങൾ എന്നിവയുൾപ്പെടെ നിർണായക തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. നിർണായകമായ ഒരു കേസ് ഡയറിയും വിചാരണ വേളയിൽ കാണാതായിരുന്നു. താമരശ്ശേരി സ്റ്റേഷനിലും ഡി.വൈ.എസ്.പി ഓഫീസിലും ആയി സൂക്ഷിച്ചിരുന്ന കേസ് ഡയറി കാണാനില്ലെന്ന് അന്നത്തെ ഡി.വൈ.എസ്.പി തന്നെയാണ് കോടതിയെ ബോധിപ്പിച്ചത്.

കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ടിനെതിരെ 2013 നവംബർ 15ന് നടന്ന ഹർത്താലിൽ മലയോര മേഖലയിൽ അപ്രതീക്ഷിത അക്രമങ്ങളാണ് അരങ്ങേറിയത്. പട്ടാപ്പകൽ നടന്ന അക്രമം മണിക്കൂറുകളോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജില്ലയിലെ മലയോര മേഖലകളിൽ നിന്ന് ടിപ്പറുകളിലും ചെറുലോറികളിലുമായി എത്തിയ സംഘമാണ് താമരശ്ശേരി വനംവകുപ്പ് ഓഫീസ് ആക്രമിച്ചത്. ഫയലുകൾ അഗ്നിക്കിരയാക്കി. വനംവകുപ്പ് ജീവനക്കാർക്ക് നേരെയും ആക്രമണമുണ്ടായി. കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾക്കും അക്രമികൾ കേടുപാടുകൾ വരുത്തി. ഏകദേശം 77 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് സർക്കാർ കണക്ക്. ഈ കേസാണ് സർക്കാർ ഉദ്യോഗസ്ഥർ സ്വയം അട്ടിമറിക്കാൻ ശ്രമിക്കുന്നത്. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments