back to top
Friday, January 17, 2025
Google search engine
HomeLatest Newsജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയായ അധ്യാപികയെ അറസ്റ്റു ചെയ്തു

ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയായ അധ്യാപികയെ അറസ്റ്റു ചെയ്തു

കുമ്പള: ജോലി വാഗ്ദാനംചെയ്ത് നിരവധിയാളുകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയായ അധ്യാപിക അറസ്റ്റില്‍. പുത്തിഗെ ബാഡൂര്‍ എ.എല്‍.പി. സ്‌കൂള്‍ അധ്യാപിക ഷേണി സ്വദേശിനി സചിതാ റൈയെ (27) ആണ് വ്യാഴാഴ്ച വൈകിട്ടോടെ കാസര്‍കോട് കോടതി പരിസരത്തുനിന്ന് പിടിയിലായത്. അധ്യാപക സംഘടനാ നേതാവായിരുന്ന സചിതയെ ഈ വിഷയത്തില്‍ കുമ്പള സിപിഎം ഏരിയാ കമ്മറ്റി പ്രാഥമികാംഗത്വത്തില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. സചിതാ റൈയെ സസ്‌പെന്‍ഡ് ചെയ്യാന്‍ സ്‌കൂള്‍ മാനേജര്‍ നിര്‍ദേശിച്ചു.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ കോടതിയില്‍ കീഴടങ്ങുകയെന്ന ഉദ്ദേശ്യത്തോടെയെത്തിയതാണെന്ന് കരുതുന്നു. കൈക്കുഞ്ഞിനെയുമെടുത്ത് കോടതിവളപ്പില്‍ കാറിലിരിക്കുകയായിരുന്നു സചിത. ഇതിനിടെയാണ് ഡിവൈ.എസ്.പി. സി.കെ.സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിലെ വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ യു.പി.വിപിന്റെ നേതൃത്വത്തില്‍ സചിതയെ കസ്റ്റഡിയിലെടുത്തത്. വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് നടപടി പൂര്‍ത്തിയാക്കുന്നതിനിടെ കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പി.വിനോദ് കുമാറും സംഘവും സ്ഥലത്തെത്തി. സചിതാ റൈയെ കുമ്പളയിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബദിയടുക്ക, കുമ്പള, മഞ്ചേശ്വരം, ആദൂര്‍, മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധികളിലും ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങടി പോലീസ് സ്റ്റേഷനിലുമായി 11-ഓളം വഞ്ചനക്കേസുകളാണ് സചിതയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം പണം കൈമാറിയ കര്‍ണാടകയിലെ സംഘം 78 ലക്ഷത്തിന്റെ ചെക്ക് തനിക്ക് നല്‍കിയതായി സചിത പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സി.പി.സി.ആര്‍.ഐ., കേന്ദ്രീയ വിദ്യാലയം, കര്‍ണാടക എക്‌സൈസ് വകുപ്പ്, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. സുഹൃത്തുക്കളില്‍നിന്നും അടുത്ത പരിചയക്കാരില്‍നിന്നുമായിരുന്നു പണം വാങ്ങിയത്.

അധ്യാപികയ്ക്ക് പിന്നില്‍ കര്‍ണാടക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമെന്ന് സൂചന. അധ്യാപക സംഘടനാനേതാവായ സചിത റൈ ഇടനിലക്കാരിയായാണ് പ്രവര്‍ത്തിച്ചത്.

പുത്തിഗെ, കിദുര്‍, ബാഡൂര്‍ എന്നിവിടങ്ങളില്‍നിന്നായി 16 പേരില്‍നിന്ന് സജിതാ റൈ ലക്ഷങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. അധ്യാപികയായതിനാലും സംഘടനാ, രാഷ്ട്രീയാ രംഗത്തെ നേതാവെന്ന വിശ്വാസവും കൊണ്ടാണ് പലരും പണം കൈമാറിയത്. പലരില്‍നിന്നായി വാങ്ങിയ തുക അധ്യാപിക കര്‍ണാടകയിലെ സംഘത്തിന് കൈമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments