മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മുംബൈ പോലീസ് പിടികൂടിയത് കണ്ടല്‍ക്കാട്ടില്‍നിന്ന്. താനെയില്‍ നടത്തിയ പരിശോധനയിലാണ് പോലീസ് മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദിനെ പിടികൂടിയത്. താനെയിലെ ഒരു ലേബര്‍ കാമ്പില്‍ പരിശോധന നടത്തി മടങ്ങാനൊരുങ്ങുമ്പോഴായിരുന്നു കണ്ടല്‍കാട്ടില്‍നിന്ന് പ്രതിയെ പിടികൂടിയത്.
തിരച്ചില്‍ നടത്തി തിരിച്ചുപോവുമ്പോള്‍ ടോര്‍ച്ച് വെളിച്ചത്തില്‍ ഒരാള്‍ തറയില്‍ ഉറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പോയി മുട്ടിവിളിച്ചപ്പോള്‍ പ്രതി എഴുന്നേറ്റ് ഓടി. 100-ഓളം വരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പിന്നാലെ ഓടിയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. പ്രതി ബംഗ്ലാദേശ് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. 30-കാരനായ ഇയാള്‍ വിജയ് ദാസെന്ന പേരിലാണ് ഇന്ത്യയിലേക്ക് പ്രവേശിച്ചത്. ബിജോയ് ദാസ് എന്നും മുഹമ്മദ് ഇല്യാസ് എന്നും വ്യാജപേരുകള്‍ ഇയാള്‍ ഉപയോഗിച്ചിരുന്നു. ആറുമാസം മുമ്പാണ് മുംബൈയില്‍ എത്തിയത്. താനയിലെ ബാറില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ പുതിയ ജോലി തേടിയാണ് മുംബൈയില്‍ എത്തിയത്.
വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി സെയ്ഫ് അലിഖാനെ ആക്രമിച്ച ശേഷം കടന്നുകളയുകയായിരുന്നു. മൂന്നുദിവസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. ആക്രമണശേഷം സെയ്ഫ് അലിഖാന്റെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട പ്രതി, ബാന്ദ്രയില്‍നിന്ന് ട്രെയിനില്‍ ദാദറിലെത്തി. അവിടെനിന്ന് വോര്‍ളി കോലിവാഡയിലെ താമസസ്ഥലത്തെത്തി.
ടി.വിയിലും യൂട്യൂബിലും തന്റെ ചിത്രം പ്രചരിക്കുന്നതുകണ്ട പ്രതി പേടിച്ചാണ് താനെയിലേക്ക് കടന്നുകളഞ്ഞതെന്ന് മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. താനെയില്‍ ഒരുബാറില്‍ നേരത്തേ ജോലിചെയ്തിരുന്നതിനാല്‍ ഇയാള്‍ക്ക് സ്ഥലങ്ങള്‍ പരിചിതമായിരുന്നു. താനെയിലും പോലീസുകാരുടെ സാന്നിധ്യം മനസിലാക്കിയ പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അവിടെനിന്ന് രക്ഷപ്പെട്ടു.
ശനിയാഴ്ച പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചു. ദാദറില്‍നിന്നുള്ള സി.സി.ടി.വി. വീഡിയോയാണ് പ്രതിയെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. മൊബൈല്‍ ഫോണ്‍ കടയില്‍നിന്നുള്ള ദൃശ്യത്തില്‍ ഇയാള്‍ ഫോണ്‍ കവര്‍ വാങ്ങിയതായി കണ്ടെത്തി. സി.സി.ടി.വി. ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സിയോണ്‍ കോലിവാഡ പ്രദേശത്താണ് ഇയാള്‍ മറ്റ് അഞ്ചുപേര്‍ക്കൊപ്പം താമസിച്ചുവരുന്നതെന്ന് മനസിലാക്കി.
ഒപ്പം താമസിച്ചിരുന്നവരുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോള്‍ പ്രതി താനെയിലെ ഒരു ലേബര്‍ കാമ്പ് സന്ദര്‍ശിച്ചതായി മനസിലാക്കി. 20 സംഘങ്ങളാണ് പ്രതിയെ തിരയാനായി സ്ഥലത്തെത്തിയത്. ശനിയാഴ്ച രാത്രി പത്തോടെ ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കടന്നുകളഞ്ഞു. ഡി.സി.പി. നവ്‌നാഥ് ധവാളെയുടെ നേതൃത്വത്തിലുള്ള 100-ഓളം പേര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.