back to top
Friday, January 17, 2025
Google search engine
HomeLatest Newsകടല്‍, ആന, മോഹന്‍ലാല്‍, കെ. മുരളീധരന്‍ ഈ നാല് പേരെയും എത്ര കണ്ടാലും മലയാളികള്‍ക്ക് മടുക്കില്ല:...

കടല്‍, ആന, മോഹന്‍ലാല്‍, കെ. മുരളീധരന്‍ ഈ നാല് പേരെയും എത്ര കണ്ടാലും മലയാളികള്‍ക്ക് മടുക്കില്ല: സന്ദീപ് വാര്യര്‍

പാലക്കാട്: കടല്‍, ആന, മോഹന്‍ലാല്‍, കെ. മുരളീധരന്‍ ഈ നാല് പേരെയും എത്ര കണ്ടാലും മലയാളികള്‍ക്ക് മടുക്കില്ലെന്ന് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍. പാലക്കാട് ഒരു പൊതുപരിപാടിയില്‍ മുരളീധരനെ വേദിയില്‍ ഇരുത്തിയാണ് സന്ദീപ് വാര്യര്‍ പ്രശംസ ചൊരിഞ്ഞത്. കെ. മുരളീധരനെ കേരള രാഷ്ട്രീയത്തില്‍നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയില്ല. കരുണാകരന്‍ ശക്തനായ നേതാവായിരുന്നു. ഏത് കാര്യവും നടപ്പിലാക്കാന്‍ കഴിവുള്ള നേതാവായിരുന്നു അദ്ദേഹമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പാലക്കാട് ശ്രീകൃഷ്ണപുരം മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയുടെ പുതിയ കെട്ടടത്തിൻ്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യര്‍.

കെ. മുരളീധരനെ മുരളിയേട്ടന്‍ എന്ന് അഭിസംബോധന ചെയിതുകൊണ്ടാണ് സന്ദീപ് വാര്യര്‍ പ്രസംഗം ആരംഭിച്ചത്. ‘മുരളിയേട്ടനെ ഇന്ന് രാവിലെ കാണാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. ബി.ജെ.പിയുടെ സംസ്ഥാനതലത്തില്‍ വരുന്ന സമയത്ത് ആദ്യം കൊടുത്ത ചില അഭിമുഖങ്ങളുണ്ട്. അതില്‍ ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാവാര് എന്ന ചോദ്യത്തിന് അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ നല്‍കിയ ഉത്തരം കെ.കരുണാകരന്‍ എന്നാണ്. ഞാന്‍ ബി.ജെ.പിക്കാരനായിരുന്നപ്പോള്‍ പറഞ്ഞ കാര്യമാണ്. തീരുമാനങ്ങള്‍ എടുക്കാന്‍ കെല്‍പ്പുള്ള ആളായിരിക്കണം ഒരു രാഷ്ട്രീയ നേതാവ്. വരുംവരായ്കള്‍ ചിന്തിച്ചുകൊണ്ടിരുന്നാല്‍ ഒരിക്കലും തീരുമാനം എടുക്കാന്‍ സാധിക്കില്ല. തീരുമാനം എടുക്കാനുള്ള ശേഷിയാണ് ഒരു ഭരണകര്‍ത്താവിനെ മികച്ചവനാക്കുന്നത്. ഒരു നാടിനെ മുന്നോട്ട് നയിക്കുന്നത്. അങ്ങനെയാണ് കലൂരില്‍ അന്താരാഷ്ട്ര സ്‌റ്റേഡിയമുണ്ടായത്, കൊച്ചില്‍ അന്താരാഷ്ട്ര വിമാനത്താവളമുണ്ടായത്. അങ്ങനെയാണ് കേരളത്തില്‍ നിരവധി വ്യവസായ സ്ഥാപനങ്ങള്‍ കെട്ടിപ്പെടുക്കപ്പെട്ടത്.’- സന്ദീപ് പറഞ്ഞു.

‘വിമര്‍ശനങ്ങളുണ്ടാകാം. എതിരാളികള്‍ കൂരമ്പുകളെയ്യാം. ആരോപണശരങ്ങള്‍ കൊണ്ട് പിച്ചിച്ചീന്താം. പക്ഷേ, ഒരു തീരുമനം എടുത്താല്‍ ആ തീരുമാനത്തില്‍ ഉറച്ചുനിന്ന് മുന്നോട്ട് പോകുക എന്നതാണ് ഒരു ഭരണാധികാരിയുടെ കര്‍ത്തവ്യമെങ്കില്‍ അതാണ് ഉറച്ച നേതൃത്വമെങ്കില്‍ ആ നേതൃത്വത്തിൻ്റെ മാതൃക കാണിച്ചുതന്നത് കരുണാകരനാണ് എന്നകാര്യത്തില്‍ ഒരു സംശയമില്ല. ഒരു മുഖ്യമന്ത്രി എങ്ങനെയാവണം സമൂഹത്തിൻ്റെ വിവിധ മേഖലകളില്‍ ഇടപെടണമെന്ന് കാണിച്ചുതന്ന നേതാവായിരുന്നു കെ.കരുണാകരന്‍. അദ്ദേഹത്തിൻ്റെ മകനാണ് കെ.മുരളീധരന്‍. നമ്മള്‍ സാധാരണ പറയും കടല്‍, ആന പിന്നെ മോഹന്‍ലാല്‍ എത്രകണ്ടാലും മടുക്കില്ല. പക്ഷേ നാലാമത് ഒന്നുകൂടിയുണ്ട്, കെ. മുകളീധരന്‍. കടല്‍, ആന, മോഹന്‍ലാല്‍, കെ. മുരളീധരന്‍ ഈ നാല് പേരെയും എത്ര കണ്ടാലും മലയാളികള്‍ മടുക്കില്ല. അതുകൊണ്ട് കെ. മുരളീധരനെന്ന വാക്ക്, കെ.മുരളീധരനെന്ന നാമം കേരള രാഷ്ട്രീയത്തില്‍നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയില്ല എന്നതാണ് വസ്തുത. അദ്ദേഹത്തെ ഏറെ ആദരിക്കുന്നു, ജേഷ്ഠതുല്യനാണ്.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്ദീപ് വാര്യരെ കെ.മുരളീധരനും പ്രശംസിച്ചു. വേദിയിലേക്ക് സന്ദീപ് വാര്യരെ സ്വീകരിച്ചതും കെ.മുരളീധരനായിരുന്നു. അഭിപ്രായം ഉള്ളിടത്ത് അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒരു ജനാധിപത്യപാര്‍ട്ടിയാണ്. ആ ജനാധിപത്യപാര്‍ട്ടിയിലേക്ക് അദ്ദേഹം കടന്നുവന്നു. ഞങ്ങളെല്ലാം ഇപ്പോള്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്തെ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് സന്ദീപ് വാര്യര്‍ വരുന്നതിനെ എതിര്‍ത്തിരുന്ന നേതാവാണ് കെ. മുരളീധരന്‍. എന്നാല്‍ സന്ദീപും മുരളീധരനും ഒരുമിച്ച് വേദ പങ്കിട്ട അപൂര്‍വ കാഴ്ചയാണ് പാലക്കാട് കണ്ടത്. മുരളീധരന് അടുത്ത് തന്നെയാണ് സന്ദീപ് വാര്യര്‍ക്കും ഇരിപ്പിടം നല്‍കിയത്. ഇരുവരും കുശലാന്വേഷണം നടത്തുന്നതും ചെവിയില്‍ സ്വകാര്യം പറയുന്നതും ക്യാമറകളില്‍ പതിഞ്ഞു.

സന്ദീപിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ തന്നെ അറിയിക്കാത്തതിലുള്‍പ്പെടെ മുരളീധരന്‍ നീരസം പ്രകടിപ്പിച്ചിരുന്നു. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് വന്നതിന് പിന്നാലെ കെ. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമായിരുന്നു. സന്ദീപ് വിഷയത്തില്‍ മുരളീധരന് അതൃപ്തിയുണ്ട് എന്ന പ്രചരണങ്ങളുടെ മുന ഒടിക്കുന്നതിനായാണ് ഇരുവരെയും ഒരേവേദിയിലെത്തിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments