back to top
Thursday, March 20, 2025
Google search engine
HomeLatest Newsബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ പാര്‍ട്ടി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേർന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാലക്കാട് കോൺ​ഗ്രസ് ഓഫീസിൽ നടന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഷാൾ അണിയിച്ച് സന്ദീപ് വാര്യരെ സ്വീകരിച്ചു.

കഴിഞ്ഞ കുറെ നാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു സന്ദീപ് വാര്യര്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിൻ്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വേദിയില്‍ ഇരിപ്പിടം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇറങ്ങിപ്പോയതോടെയാണ് സന്ദീപ് വാര്യര്‍ ബിജെപി വിടുന്നു എന്ന തരത്തില്‍ അഭ്യൂഹം ശക്തമായത്. തൻ്റെ വിഷമങ്ങള്‍ അറിയിച്ചപ്പോള്‍ അത് കണക്കിലെടുക്കാന്‍ പോലും ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന്‍ തയ്യാറായില്ലെന്നും സന്ദീപ് വാര്യര്‍ തുറന്നടിച്ചു. താന്‍ മാനസികമായി വല്ലാതെ വിഷമിച്ച ഘട്ടത്തില്‍ പോലും പാര്‍ട്ടിയിലെ ഒരു നേതാവ് പോലും വിളിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ല. അമ്മ മരിച്ചപ്പോള്‍ സി കൃഷ്ണകുമാര്‍ നാട്ടിലുണ്ടായിരുന്നെങ്കിലും ഫോണില്‍ പോലും വിളിച്ചിരുന്നില്ലെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു.

പ്രചരണ രംഗത്ത് അദ്ദേഹം സജീവമല്ലാതായതോടെ പാര്‍ട്ടി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിനിടെയില്‍ പാലക്കാട് സ്ഥാനര്‍ഥി സി. കൃഷ്ണകുമാറിനെതിരെ സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതോടെ കാര്യങ്ങള്‍ പരസ്യമായി. സന്ദീപിനെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്ത് എ.കെ. ബാലന്‍ രംഗത്തെത്തിയിരുന്നു.

പാലക്കാട് സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നിരന്തരം അപമാനിച്ചത് എണ്ണിപ്പറഞ്ഞുകൊണ്ട് വൈകാരികമായിട്ടായിരുന്നു സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഒരു മനുഷ്യൻ്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നതായിരുന്നു പാലക്കാട് തിരഞ്ഞെടുപ്പ് വേദിയില്‍ സീറ്റ് നിഷേധിച്ചതിനെ സൂചിപ്പിച്ച് സന്ദീപ് കുറിച്ചത്.

ഇതിനിടയില്‍ സി.പി.ഐലേക്ക് പോകുന്നുവെന്നും വാര്‍ത്തകള്‍ വന്നു. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ തന്നെ ഇടപെട്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സന്ദീപ് വഴങ്ങിയിരുന്നില്ല. ഇതോടെ ബി.ജെ.പി സന്ദീപിനെതിരെ നടപടിയിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാല്‍ നടപടിയുണ്ടായാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നായിരുന്നു സന്ദീപിന്റെ മറുപടി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments