പാലക്കാട്: ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് കോണ്‍ഗ്രസ് നേതാവ് പി. സരിന്‍. വാര്‍ത്താ സമ്മേളനത്തിലാണ് സരിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും പാലക്കാടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ ശേഷമാണ് സരിന്‍ പാര്‍ട്ടി മാറ്റം പ്രഖ്യാപിച്ചത്.
രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. താന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയാണ്. അതിന് സ്ഥാനാര്‍ഥിത്വത്തിൻ്റെ നിറം നല്‍കേണ്ട.തന്നെ സ്ഥാനാര്‍ഥിയാക്കേണ്ട കാര്യത്തില്‍ സി.പി.എമ്മിനാണ് ബോധ്യം വരേണ്ടത്. അവിടെ മൂവര്‍ സംഘമല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സി.പി.എം ആവശ്യപ്പെട്ടാല്‍ മത്സരിക്കും.
കോണ്‍ഗ്രസില്‍ സി.പി.എം വിരുദ്ധത വളര്‍ത്തി മൃദു ബിജെപി നിലപാടിലേക്ക് എത്തിക്കുകയാണ് വി.ഡി സതീശന്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് സതീശന്‍ നടത്തിയ അട്ടിമറിയാണ് ഷാഫിയെ സ്ഥാനാര്‍ഥിയാക്കിയത്. അതുകൊണ്ടാണ് ബി.ജെ.പി ജയിക്കാന്‍ സാധ്യതയുള്ള പാലക്കാട് ഉപതിരഞ്ഞെടുപ്പുണ്ടാക്കിയത്. വളര്‍ന്നുവരുന്ന കുട്ടി സതീശനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ തന്നെ വിളിച്ച് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചെന്നും സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.