പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം.

പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം. സ്ക്രീനിൽ അ​ഗ്നിശോഭയോടെ തിളങ്ങിനിന്ന, മലയാളം ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ തിരക്കഥാകൃത്തിന് വിട. മലയാളത്തില്‍ സമാന്തരമായി നീങ്ങിയ സമാന്തര-വിനോദ സിനിമകളെ സമന്വയിപ്പിച്ചതില്‍ വലിയ പങ്കു വഹിച്ച പ്രതിഭയാണ് ജോണ്‍ പോള്‍.

വർഷങ്ങളായി സിനിമയുടെ തിരക്കിൽ നിന്ന് വിട്ടുനിന്ന ജോൺപോളിന്റെ അന്ത്യം ആശുപത്രി യിൽവെച്ചായിരുന്നു. ആഴ്ചകളായി ആശുപത്രിക്കിടക്കയിലായിരുന്ന ജോൺപോളിനുവേണ്ടി മലയാളസിനിമാലോകം മുഴുവൻ പ്രാർത്ഥനയിലായിരുന്നു. പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് ശനിയാഴ്ച ഉച്ചയോടെ വിടചൊല്ലി. ഐഷ എലിസബത്താണ് ഭാര്യ. മകൾ ജിഷ ജിബി.

പരന്ന വായനയും ചിന്തയും എഴുത്തിന്റെ പാതയില്‍ കരുത്താക്കിയ ജോണ്‍ പോള്‍ സിനിമയുടെ സീമയും വിട്ട് എഴുത്തിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നു. സ്‌കൂള്‍ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളില്‍ നാലാമനായി 1950 ഒക്ടോബര്‍ 29ന് എറണാകുളത്താണ് ജോണ്‍ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയില്‍ സജീവമായപ്പോള്‍ രാജിവച്ചു. 

നൂറോളം ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സംവിധായകന്‍ ഭരതനുവേണ്ടിയാണ് ജോണ്‍ പോള്‍ ഏറ്റവുമധികം തിരക്കഥകള്‍ എഴുതിയത്. ഐ.വി.ശശി, മോഹന്‍, ജോഷി, കെ.എസ്.സേതുമാധവന്‍, പി.എന്‍. മേനോന്‍, കമല്‍, സത്യന്‍ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരന്‍, വിജി തമ്പി തുടങ്ങിയ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.

കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങള്‍ ജോണ്‍പോളിന്റെ തൂലികയില്‍ വിരിഞ്ഞവയാണ്. കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവില്‍ എഴുതിയത്.

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്സ് (ഫിപ്രസി) പ്രത്യേക ജൂറി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എംടി വാസുദേവന്‍നായര്‍ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു. ഗ്യാങ്സ്റ്റര്‍, കെയര്‍ഓഫ് സൈറാബാനു എന്നീ സിനിമകളില്‍ അഭിനയിച്ചു.

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ 'എംടി ഒരു അനുയാത്ര', പ്രതിഷേധം തന്നെ ജീവിതം, എന്റെ ഭരതന്‍ തിരക്കഥകള്‍, സ്വസ്തി, കാലത്തിനു മുമ്പേ നടന്നവര്‍, ഇതല്ല ഞാന്‍ ആഗ്രഹിച്ചിരുന്ന സിനിമ, കഥയിതു വാസുദേവം, സൃഷ്ടിയുടെ കഥ സൃഷ്ടാവിന്റെയും, മധു- ജീവിതവും ദര്‍ശനവും, വിസ്മയാനുഭൂതികളുടെ പുരാവൃത്തം, പവിത്രം ഈ സ്മൃതി, പ്രതിഭകള്‍ മങ്ങുന്നത് എന്തുകൊണ്ട്, സിനിമയുടെ ആദ്യ നാള്‍വഴികളിലൂടെ, വിഗ്രഹഭഞ്ജകര്‍ക്കൊരു പ്രതിഷ്ഠ, മോഹനം ഒരുകാലം, രചന, മുഖ്യധാരയിലെ നക്ഷത്രങ്ങള്‍, സ്മൃതി ചിത്രങ്ങള്‍, വസന്തത്തിന്റെ സന്ദേശവാഹകന്‍ തുടങ്ങിയവ പ്രധാന പുസ്തകങ്ങളാണ്.