റാഞ്ചി: സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ജാർഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി. നിരവധി നേതാക്കൾ രാജിവെച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ കുടുംബ വാഴ്ചയെന്ന് ആരോപിച്ചാണ് നേതാക്കളുടെ രാജി. എംഎൽഎമാരുൾപ്പെടെ പത്തോളം പേർ രാജി വെച്ചതായാണ് റിപ്പോർട്ട്.
മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യക്കും, ചാമ്പയ് സോറൻ്റെ മകനും സീറ്റ് നൽകിയതിനെ ചൊല്ലിയാണ് ജാർഖണ്ഡിലെ ബിജെപിയിൽ തർക്കം ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി രഘുബർദാസിൻ്റെ മരുമകൾക്കും ബിജെപി സീറ്റ് നൽകിയിരുന്നു. ഇതോടെയാണ് ബിജെപിയിൽ കുടുംബ വാഴ്ചയുണ്ടെന്ന ആരോപണവുമായി നേതാക്കൾ രംഗത്തെത്തിയത്. ഇത് പാർട്ടി പ്രവർത്തകരോടുള്ള വഞ്ചനയാണെന്നും പ്രവർത്തകർ പറഞ്ഞു
2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെ പരാജയപ്പെടുത്തിയ ബിജെപി നേതാവ് ലൂയിസ് മറാണ്ടി തിങ്കളാഴ്ചയാണ് കാവി പാർട്ടി വിട്ട് ജെഎംഎമ്മിൽ ചേർന്നത്. രഘുബർ ദാസിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിലും ലൂയിസ് മാനവവിഭവശേഷി മന്ത്രിയായിരുന്നു.
ടിക്കറ്റ് വിതരണം പുനഃപരിശോധിക്കണമെന്ന് ജാർഖണ്ഡ് ബിജെപി സംസ്ഥാന പ്രവർത്തക സമിതി അംഗം സന്ദീപ് വർമ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. “ചമ്പായ് സോറനും മകനും എന്തിന് ബിജെപി ടിക്കറ്റ് നൽകണമെന്നാണ് സ്വതന്ത്രനായി മത്സരിക്കുമെന്ന് സൂചന നൽകിയ സന്ദീപിൻ്റെ ചോദ്യം.
ലക്ഷ്മൺ ടുഡു, ബാസ്‌കോ ബെസ്‌ര, ഗണേഷ് മഹാലി, കുനാൽ സാരങ്കി തുടങ്ങിയ ബിജെപി നേതാക്കളും ജെഎംഎമ്മിൽ ചേർന്നു.