കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയ്ക്ക് തിരിച്ചടി. നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകി. കോടതി വിധി, ദയാധന അപേക്ഷ തുടങ്ങി വിവിധ രേഖകൾ സുപ്രീം കോടതിയിൽ സമർപ്പിക്കണം. അതേസമയം, ദയാധനം നൽകി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല.
യെമനിൽ നഴ്സായി ജോലി ചെയ്തിരുന്ന നിമിഷപ്രിയയെ യെമൻ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വധശിക്ഷയ്ക്ക് വിധിച്ചത്. യെമനിലെ നിയമമനുസരിച്ച് ഇരയുടെ കുടുംബം മാപ്പ് നൽകിയാൽ ശിക്ഷായിളവ് ലഭിക്കും.
കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബം ചർച്ചയ്ക്ക് തയ്യാറാണെന്നും 50 ദശലക്ഷം യെമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരം) നൽകേണ്ടി വരുമെന്നും യെമൻ ജയിൽ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.