അബുദാബി: ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അബുദാബി കിരീടവകാശിയായി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ മൂത്ത മകനാണ് ഷെയ്ഖ് ഖാലിദ്.
ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ഷെയ്ക്ക് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെ വൈസ് പ്രസിഡന്‍റായും നിയമിച്ചു. ഹസ ബിൻ സായിദ് അൽ നഹ്യാൻ, തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരെ അബുദാബി ഡെപ്യൂട്ടി ഭരണാധികാരികളായും നിയമിച്ചു. 2016 ഫെബ്രുവരി 15 മുതലാണ് ഖാലിദിനെ ദേശീയ സുരക്ഷാ തലവനായി നിയമിച്ചത്.
എമിറേറ്റിലെ യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഷെയ്ഖ് ഖാലിദ് സജീവമായി ഇടപെട്ടിട്ടുണ്ട്. 2021 ഓടെ നാലായിരത്തോളം സ്വദേശികൾക്ക് ജോലി ലഭിക്കുന്നതിന് നൈപുണ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ അദ്ദേഹം നടപ്പാക്കി. യു.എ.ഇ.യിലെ യുവാക്കൾക്ക് വിദ്യാഭ്യാസവും സുരക്ഷിതമായ ജോലിയും നേടാൻ സഹായിക്കുന്ന നിരവധി പദ്ധതികളും അദ്ദേഹം ആരംഭിച്ചിരുന്നു.