കാസര്‍കോട്: ട്രാഫിക് നിയമ ലംഘനം ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോ തിരിച്ചു നല്‍കാത്തതില്‍ മനംനൊന്ത് ഫെയ്‌സ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത് ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് സ്‌റ്റേഷനിലെ എസ്‌ഐ പി അനൂപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. എസ്‌ഐ അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറോട് മോശമായി പെരുമാറുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നടപടി.
കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ ഓട്ടോ ഡ്രൈവറെ ബലം പ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ സ്റ്റേഷനില്‍ എത്തി ഉദ്യോഗസ്ഥരെ കണ്ടു എന്നും അതിന് ശേഷം ഫോണ്‍ എടുക്കാനായി സ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ട ഓട്ടോ റിക്ഷയുടേ അടുത്തേക്ക് പോയപ്പോള്‍ അനൂപ് മര്‍ദ്ദിച്ചു എന്നുമാണ് പരാതി. എസ്‌ഐ അനൂപിനെതിരെ നൗഷാദ് പോലീസ് കംപ്ലയിന്റ് സെല്‍ അതോറിറ്റിയില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
എസ് ഐ അനൂപ് നിരന്തരം ഓട്ടോ തൊഴിലാളികളെ ഉപദ്രവിക്കുന്നുണ്ടെന്നും പരാതികളുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി. അബ്ദുള്‍ സത്താറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ഈ സംഭവത്തില്‍ അനൂപിനെ അന്വേഷവിധേയമായി സ്ഥലം മാറ്റിയിരുന്നു. ഓട്ടോ പിടിച്ചുവച്ചതിനെ തുടര്‍ന്നായിരുന്നു അബ്ദുള്‍ സത്താര്‍ ആത്മഹത്യ ചെയ്തത്