തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേരളം വിട്ടുപോകാൻ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവെക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം. പ്രതി അന്വേഷണത്തോട് സഹകരിക്കണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജറാകണമെന്നും കോടതി നിർദേശിച്ചു. അതുപോലെ പരാതിക്കാരിയെയോ അതുമായി ബന്ധപ്പെട്ടവരെയോ കാണാനോ ഫോണിൽ ബന്ധപ്പെടാനോ പാടില്ലെന്നും നിർദേശമുണ്ട്.
പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ടിൽ നടനെതിരായ ഗുരുതര ആരോപണങ്ങളുള്ളത്. സിദ്ദിഖ് പരാതിക്കാരിക്ക് അങ്ങോട്ട് സന്ദേശം അയച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പുതുതായി ആരംഭിക്കാനിരിക്കുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാനെന്ന പേരിലാണ് പരാതിക്കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ബലാത്സംഗം ചെയ്തെന്നാണ് റിപ്പോർട്ട്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ആദ്യം മുതൽ അന്വേഷണ സംഘത്തിനെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് ഫെയ്സ്ബുക്ക് വഴിയാണെന്നും അഭിനയിക്കാൻ അവസരം നൽകാമെന്ന വാഗ്ദാനം നൽകി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. ജാമ്യം നൽകുമ്പോൾ കർശന വ്യവസ്ഥകൾ വേണമെന്നും പോലീസ് കോടതിയിൽ ആവശ്യപ്പെട്ടെന്നാണ് വിവരം.
2016ൽ മസ്ക്കറ്റ് ഹോട്ടലിൽ സിദ്ദീഖ് ബലാത്സംഗം ചെയ്തുവെന്ന നടിയുടെ പരാതിയിലാണ് കേസ്. പരാതിയിൽ സിദ്ദീഖിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ വകുപ്പുകൾ പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. പരാതിക്കാരിയെ തിരുവനന്തപുരത്തുവച്ച് കണ്ടിരുന്നതായി സിദ്ദീഖ് നേരത്തേ സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്ന 2016 ജനുവരി 28ന് 101 ഡി മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘവും സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്‍റെ മൊഴിയും രേഖപ്പെടുത്തി.