സിന്ധുവിന്റെ ആത്മഹത്യ: റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി ആന്റണി രാജു

മാനന്തവാടി സബ് ആര്‍ടിഒ ഓഫീസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയില്‍ ഗതാഗത കമ്മീഷനോട് റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി ആന്റണി രാജു.

സിന്ധുവിന്റെ ആത്മഹത്യ: റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി ആന്റണി രാജു

വയനാട്: മാനന്തവാടി സബ് ആര്‍ടിഒ ഓഫീസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയില്‍ ഗതാഗത കമ്മീഷനോട് റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി ആന്റണി രാജു. സഹപ്രവര്‍ത്തര്‍ സിന്ധുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് സൂചന നല്‍കുന്ന ഡയറിക്കുറിപ്പുകള്‍ പൊലീസിന് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല അന്വേഷണത്തിനായി മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് കമ്മീഷണര്‍ കല്‍പ്പറ്റയിലെത്തും. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി സബ് ഓഫീസ് ചുമതലയുള്ള ജോയിന്റ് ആര്‍ടിഒ ബിനോദ് കൃഷ്ണയോട് ജോയിന്റ് കമ്മീഷണര്‍ വിശദീകരണം തേടും. സിന്ധുവിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ മാനന്തവാടി സബ് ആര്‍ടിഒ ഓഫീസുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതോടെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ജീവനക്കാര്‍ക്കെതിരെ മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിനുമുന്നില്‍ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തുകയാണ്.

സിന്ധുവിന്റെ മുറിയില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയതായി പൊലീസ് അല്‍കുറച്ച് മുന്‍പ് അറിയിച്ചിരുന്നു. ഓഫീസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് സിന്ധുവിന് മാനസിക പീഡനമുണ്ടായതായി ഡയറിയില്‍ സൂചനയുണ്ട്. ഓഫീസില്‍ താന്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ടെന്നും ഡയറിയില്‍ സിന്ധു കുറിച്ചിട്ടുണ്ട്.

അതിനിടെ ജീവനൊടുക്കുന്നതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പരാതിയുമായി സിന്ധു വയനാട് ആര്‍ടിഒയെ നേരില്‍ കണ്ടിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓഫീസില്‍ സമാധാനമായി ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടാക്കണമെന്ന് സിന്ധു വയനാട് ആര്‍ടിഒയോട് ആവശ്യപ്പെട്ടിരുന്നു. ഓഫീസില്‍ ചേരിതിരിവ് ഉണ്ടെന്ന് സിന്ധു ഉള്‍പ്പെടെ അഞ്ച് പേരാണ് പരാതിപ്പെട്ടിരുന്നത്. 

എന്നാല്‍ സിന്ധു തനിക്ക് രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് വയനാട് ആര്‍ടിഒ മോഹന്‍ദാസ് പറയുന്നത്. സിന്ധു സഹപ്രവര്‍ത്തകര്‍ക്കെതിരായി പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ജോയിന്റ് ആര്‍ടിഒ ബിനോദ് കൃഷ്ണയുടെ വാദം. സിന്ധുവിനെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് സിന്ധുവിന്റെ സഹോദരന്‍ പറഞ്ഞതെന്നും ബിനോദ് കൃഷ്ണ ഇന്നലെ പ്രതികരിച്ചിരുന്നു.