back to top
Monday, January 20, 2025
Google search engine
HomeLatest Newsഎച്ച്എംപിവി വൈറസ് ബാധ: രാജ്യത്തെ രോബാധിതരുടെ എണ്ണം ആറായി; ആശങ്ക വേണ്ടെന്ന് കേന്ദ്രം

എച്ച്എംപിവി വൈറസ് ബാധ: രാജ്യത്തെ രോബാധിതരുടെ എണ്ണം ആറായി; ആശങ്ക വേണ്ടെന്ന് കേന്ദ്രം

ചെന്നൈ: ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്കും കൊല്‍ക്കത്തയില്‍ ഒരു കുട്ടിക്കും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിലാണ് രോഗബാധ. ഇതോടെ രാജ്യത്തെ രോബാധിതരുടെ എണ്ണം ആറായി.

പനി ബാധിച്ചാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. ശ്വാസ തടസം നേരിട്ടതോടെ നടത്തിയ പരിശോധനയിലാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. കൊല്‍ക്കത്തയില്‍ അഞ്ചുമാസം പ്രായമുള്ള കുട്ടിക്കാണ് എച്ച്എംപിവി വൈറസ് ബാധ കണ്ടെത്തിയത്. നേരത്തെ കര്‍ണാടകയിലും ഹൈദരബാദിലും കുട്ടികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

അതേസമയം, രാജ്യത്തെ എച്ച്എംപിവി വ്യാപനത്തില്‍ സാഹചര്യം നിരീക്ഷിക്കുന്നുവെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് ഒരു പുതിയ വൈറസ് അല്ലെന്നും ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടും ഇതിനകം രോഗം കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്‍ഫ്ളുവന്‍സയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ള എച്ച്എംപിവി കേസുകളില്‍ അസാധാരണമായ ഒരു വര്‍ധനയും ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലും ഗുജറാത്തിലുമായി ഇതുവരെ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

വിവിധ രാജ്യങ്ങളില്‍ എച്ച്എംപിവിയുമായി ബന്ധപ്പെട്ട ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഐസിഎംആറിന്റെയും ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം നെറ്റ്വര്‍ക്കിന്റെയും നിലവിലെ ഡാറ്റയുടെ അടിസ്ഥാനത്തില്‍, രാജ്യത്ത് ഇന്‍ഫ്ലുവന്‍സ പോലുള്ള അസുഖങ്ങള്‍ അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ കേസുകള്‍ എന്നിവയില്‍ അസാധാരണമായ ഒരു വര്‍ധനയും ഉണ്ടായിട്ടില്ല. കര്‍ണാടകയില്‍ രോഗബാധിതരായ രണ്ടുപേര്‍ക്കും വിദേശ യാത്രാ ചരിത്രമില്ലെന്നത് ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ലഭ്യമായ എല്ലാ നിരീക്ഷണ മാര്‍ഗങ്ങളിലൂടെയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. വര്‍ഷം മുഴുവനും എച്ച്എംപിവി വ്യാപനവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ഐസിഎംആര്‍ ട്രാക്ക് ചെയ്യുന്നത് തുടരും. ചൈനയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ലോകാരോഗ്യ സംഘടന സമയബന്ധിതമായ അപ്‌ഡേറ്റുകള്‍ നല്‍കുന്നുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വര്‍ധന കൈകാര്യം ചെയ്യാന്‍ ഇന്ത്യ സജ്ജമാണെന്നും ആവശ്യമെങ്കില്‍ പൊതുജനാരോഗ്യ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രാലയം പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments