കോടതിയിലെത്തിയ പാമ്പിന് 'വധശിക്ഷ'

കോടതിയിലെത്തിയ പാമ്പിന് 'വധശിക്ഷ'

ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കണ്ടെത്തിയ ഒന്നരയടി നീളമുള്ള പാമ്പിനെ തല്ലിക്കൊന്നു. രാവിലെ എട്ടരയോടെ കോടതി ഹാള്‍ അടിച്ചുവാരാനെത്തിയ ജീവനക്കാരിയാണു വാതിലിനു മുന്‍പിലൂടെ ഇഴഞ്ഞുനീങ്ങിയ പാമ്പിനെ കണ്ടത്. അവര്‍ വരാന്തയിലെത്തി ഒച്ചവച്ച് ആളുകളെ കൂട്ടി. അവരാണു പാമ്പിനെ തല്ലിക്കൊന്നത്. 

കോടതിയുടെ പടിഞ്ഞാറു ഭാഗത്ത് അപകടാവസ്ഥയില്‍ നിന്ന മതില്‍ 4 മാസം മുന്‍പു പൊളിച്ചു മാറ്റിയിരുന്നു. അതിന്റെ കല്ലുകള്‍ അടുക്കിവച്ച ഭാഗത്തു നിന്നാണു പാമ്പു വന്നതെന്നു കരുതുന്നു. പാമ്പിനെ തല്ലിക്കൊന്നതിനാല്‍ കോടതി നടപടി തടസ്സപ്പെട്ടില്ല. കോടതി തുടങ്ങുന്നതിനു മുന്‍പു മജിസ്‌ട്രേട്ട് എസ്. ശിവദാസാണ് അണലിയെ കണ്ട കാര്യം 'തുറന്ന കോടതി'യില്‍ അഭിഭാഷകരെ അറിയിച്ചത്.