ഈ ദൈവത്തിന് മരണമില്ല

 ഈ ദൈവത്തിന് മരണമില്ല

ചിലപ്പോള്‍ മരിച്ചു പോകുമെന്ന് ചിലരെങ്കിലും കരുതിയിരുന്നു. പക്ഷം ഒന്നും സംഭവിക്കരുതേയെന്ന് എല്ലാവരും പ്രാര്‍ത്ഥിച്ചു. ഒടുവില്‍ 
അനിവാര്യമായത് സംഭവിച്ചു. ഉറക്കത്തിന് തയ്യാറെടുക്കുകകയായിരുന്ന ഫുട്‌ബോള്‍ പ്രേമികള്‍ എഴുന്നേറ്റിരുന്നു. ഒന്നുകില്‍ അവരുടെ കൈകള്‍ തലയ്ക്ക് പുറകിലായിരുന്നു. അല്ലെങ്കില്‍ കൈകള്‍ കൊണ്ട് മുഖം പൊത്തി.   പത്ത് മണിക്ക് ശേഷം Maradona എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി.  ലക്ഷക്കണക്കിന് ട്വീറ്റുകളാണ് വരുന്നത്. ഒപ്പം തന്നെ ദ ഗോഡ്, ഹാന്‍റ്സ് ഓഫ് ഗോഡ് എന്നീ ഹാഷ്ടാഗുകളും ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്. 

വിവിധ അന്തര്‍ദേശീയ മാധ്യമ ഹാന്‍റിലുകള്‍ ഇന്ത്യന്‍ സമയം 9.50 ഓടെ തന്നെ മറഡോണ അന്തരിച്ചു എന്ന സൂചനകള്‍ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മറഡോണയ്ക്ക് ഏറെ ആരാധകരുള്ള മലയാളം സൈബര്‍ ഇടത്തിലും അഭ്യൂഹങ്ങള്‍ വ്യാപകമായി. ഇത് സംബന്ധിച്ച് നിരവധി പോസ്റ്റുകള്‍ പ്രത്യേക്ഷപ്പെട്ടു. പത്ത് മണിയോടെ വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ ആദരാഞ്ജലികള്‍ ഏറെ നിറഞ്ഞൊഴുകുകയായിരുന്നു ഫേസ്ബുക്ക് വാളിലും, ട്വിറ്റര്‍ സ്ട്രീമുകളിലും. 

കളിക്കാരനെന്നതില്‍ ഉപരി തന്‍റെ രാഷ്ട്രീയവും നിലപാടുകളും ഉറക്കെ പ്രഖ്യാപിച്ച വ്യക്തി എന്ന നിലയിലും കേരളത്തില്‍ ആഘോഷിക്കപ്പെട്ട വ്യക്തിയാണ് മറഡോണ. അതിനാല്‍ തന്നെ അത്തരത്തിലുള്ള ആരാധകര്‍ക്കും വലിയ ഞെട്ടലാണ് മറഡോണയുടെ മരണം ഉണ്ടാക്കിയത് എന്ന് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണ്.
    'ദൈവം മരിക്കുമോ? ' 'അനശ്വരന്‍'...  എന്നിങ്ങനെ പലതരത്തിലാണ് ആരാധകര്‍ ഡീഗോയെ ഓര്‍ക്കുന്നത്. കേരളത്തില്‍ ആദ്യമായി മലയാളി ലൈവ് കണ്ട ലോകകപ്പ് ഫുട്‌ബോള്‍ ആയിരുന്നു 1986ലേത്. ആ ലോകകപ്പിലെ ഹീറോയായിരുന്നു ഡിയോഗോ മറഡോണ. അതിനാല്‍ തന്നെ ആ കാലഘട്ടത്തിലെ ബാല, കൗമരങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ആവശേത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഡീഗോയുടെ വിയോഗത്തില്‍ പ്രതികരിക്കുന്നത്.