back to top
Monday, January 20, 2025
Google search engine
HomeLatest Newsക്ഷേമ പെന്‍ഷനില്‍ കൈയിട്ടു വാരിയവരെ കണ്ടെത്തി വകുപ്പ് തല നടപടി സ്വീകരിക്കും: ധനമന്ത്രി

ക്ഷേമ പെന്‍ഷനില്‍ കൈയിട്ടു വാരിയവരെ കണ്ടെത്തി വകുപ്പ് തല നടപടി സ്വീകരിക്കും: ധനമന്ത്രി

തിരുവനന്തപുരം: ക്ഷേമ പെന്‍ഷനില്‍ കൈയിട്ടുവാരിയവരെ കണ്ടെത്താന്‍ സംസ്ഥാന ധനവകുപ്പ് അന്വേഷണം തുടങ്ങി.അനർഹമായി പെന്‍ഷന്‍ കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. പെന്‍ഷന്‍ കൈപറ്റിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്നും പട്ടികയില്‍ കയറിപ്പറ്റിയ അനര്‍ഹരെ കണ്ടെത്താന്‍ അന്വേഷണസംഘത്തെ നിയോഗിച്ചുവെന്നും ധനകാര്യ വകുപ്പ് പ്രതികരിച്ചു.

സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ക്ക് ക്ഷേമപെന്‍ഷന് യോഗ്യതയില്ലെന്നിരിക്കെ, ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം സംസ്ഥാന സര്‍ക്കാരിൻ്റെ അഭിമാനപദ്ധതിയായ സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 1458 സര്‍ക്കാര്‍ ജീവനക്കാരാണ് പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയത്. ധനവകുപ്പിൻ്റെ നിര്‍ദേശമനുസരിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പു കണ്ടെത്തിയത്.

സര്‍ക്കാര്‍ കോളേജില്‍ പഠിപ്പിക്കുന്ന രണ്ട് അസി. പ്രൊഫസര്‍മാരും മൂന്നു ഹയര്‍ സെക്കന്‍ഡറി അധ്യാപകരുമൊക്കെ പെന്‍ഷന്‍ വാങ്ങിയവരില്‍ ഉള്‍പ്പെടും. പട്ടികയിലുള്ള ഭൂരിപക്ഷംപേരും ഇപ്പോള്‍ സര്‍വീസിലുള്ളവരാണ്. കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കാനും അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശസഹിതം തിരിച്ചുപിടിക്കാനും മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശിച്ചു.

ആരോഗ്യവകുപ്പിലാണ് കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ -373 പേര്‍. പൊതുവിദ്യാഭ്യാസവകുപ്പില്‍ 224 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നു.

പെന്‍ഷന്‍ പട്ടിക കൈകാര്യംചെയ്യുന്ന സേവന സോഫ്റ്റ് വെയറിലേയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക്കിലെയും വിവരങ്ങള്‍ താരതമ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. വിവിധതലങ്ങളിലുള്ള പരിശോധന തുടരാനാണ് ധനവകുപ്പിൻ്റെ തീരുമാനം.

ഭൂരിപക്ഷവും ലാസ്റ്റ് ഗ്രേഡ്, ക്ലറിക്കല്‍ ജീവനക്കാരാണ്. പ്രായപരിധി ബാധകമാവാത്ത പെന്‍ഷന്‍ മുന്‍പ് വാങ്ങിയിരുന്നവര്‍ സര്‍ക്കാര്‍ ജോലിയില്‍ സ്ഥിരപ്പെട്ട ശേഷമോ ജോലികിട്ടിയ ശേഷമോ ഗുണഭോക്തൃ പട്ടികയില്‍ തുടര്‍ന്നതാവാം തട്ടിപ്പിലേക്കു നയിച്ചതെന്നാണ് നിഗമനം. പഞ്ചായത്തുതലത്തില്‍ ഗുണഭോക്താക്കളെ ചേര്‍ത്തതിലും പ്രശ്‌നമുണ്ടാവും.

മാസം 1600 രൂപയാണ് നിലവില്‍ ക്ഷേമപെന്‍ഷന്‍. അനര്‍ഹരായ 1458 പേര്‍ക്ക് നല്‍കുമ്പോള്‍ സര്‍ക്കാരിന് മാസം നഷ്ടം 23 ലക്ഷം രൂപയോളം. ക്ഷേമപെന്‍ഷനില്‍ അഞ്ചുവിഭാഗങ്ങളുണ്ട്. വാര്‍ധക്യ പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, ഭിന്നശേഷി, വിധവ, അവിവാഹിത പെന്‍ഷന്‍. ഇതില്‍ ഭിന്നശേഷി, വിധവ പെന്‍ഷന് പ്രായപരിധി ബാധകമല്ല. 50 കഴിഞ്ഞ അവിവാഹിതകള്‍ക്ക് പെന്‍ഷന് അപേക്ഷിക്കാം. വാര്‍ധക്യ- കര്‍ഷകത്തൊഴിലാളി പെന്‍ഷന് 60 വയസ്സ് കഴിഞ്ഞാല്‍ അപേക്ഷിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments