ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിലെ രാഷ്ട്രപതിയുടെ അഭിസംബോധനയേക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ പ്രതികരണം വിവാദത്തില്‍. അഭിസംബോധനയില്‍ നിറയെ വ്യാജ വാഗ്ദാനങ്ങളാണ്. വായിച്ച് കഴിഞ്ഞപ്പോഴേക്കും പാവം തളര്‍ന്നുപോയെന്നായിരുന്നു സോണിയയുടെ പരാമര്‍ശം. രാഷ്ട്രപതിയുടെ പ്രസംഗത്തേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു സോണിയ ഇത്തരത്തില്‍ പറഞ്ഞത്. എന്നാല്‍ രാഷ്ട്രപതിയുടെ പദവിയെ ബഹുമാനിക്കാത്ത തരത്തിലാണ് സോണിയയുടെ പരാമര്‍ശം എന്ന് ബി.ജെ.പി ആരോപിച്ചു.
പ്രസംഗത്തിന്റെ അവസാനത്തോടെ ‘രാഷ്ട്രപതി ക്ഷീണിച്ചു. സംസാരിക്കാന്‍ പറ്റാത്ത നിലയിലേക്കെത്തി. പാവം’ എന്നായിരുന്നു സോണിയ പറഞ്ഞത്. ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ഒരു സ്ത്രീ രാജ്യത്തിന്റെ രാഷ്ട്രപതിയായത് കോണ്‍ഗ്രസിന്റെ ഫ്യൂഡല്‍ ചിന്താഗതിക്ക് ദഹിക്കുന്നില്ലെന്നാണ് ഈ പ്രസ്താവനയോട് ബിജെപി എം.പി സുകാന്ത മജുംദാര്‍ പ്രതികരിച്ചത്.
സോണിയ നടത്തിയത് അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയായിരുന്നു. സോണിയയെ പോലുള്ള മുതിര്‍ന്ന നേതാവ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്താന്‍ പാടില്ല. പ്രത്യേകിച്ച് രാഷ്ട്രപതിയെക്കുറിച്ച്. ആദിവാസി സ്ത്രീയായ ദ്രൗപതി മുര്‍മു ഇന്ന് രാജ്യത്തിന്റെ പ്രഥമ പൗരയാണ്. കോണ്‍ഗ്രസിന് ഇത് അംഗീകരിക്കാന്‍ പറ്റുന്നില്ല. അതുകൊണ്ടാണ് അവര്‍ രാഷ്ട്രപതിയുടെ പ്രസംഗത്തെ എതിര്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സോണിയയുടെ പരാമര്‍ശത്തെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ കൊഴുക്കുമ്പോഴും ബിജെപിയുടെ ആരോപണത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.