20 കാരനായ ടോറസ് ജർമ്മൻ വൻ മതിൽ ഇടിച്ചു നിരത്തി, ജർമനിക്ക് ചരിത്രത്തിലെ നാണം കെട്ട തോൽവി (0-6)

20 കാരനായ ടോറസ് ജർമ്മൻ വൻ മതിൽ ഇടിച്ചു നിരത്തി, ജർമനിക്ക് ചരിത്രത്തിലെ നാണം കെട്ട തോൽവി (0-6)

മാഡ്രിഡ്- യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ജർമനിയെ ആറ് ഗോളിന് തകർത്ത് സ്‌പെയ്‌ൻ സെമിയിൽ കടന്നു. ജർമനിയുടെ ഫുട്ബോൾ ചരിത്രത്തിലെ ദയനീയ തോൽവിയാണിത്. 89 വര്‍ഷങ്ങള്‍ക്കിടെ ജര്‍മനി നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്. 1931ൽ നടന്ന സൗഹൃദ മത്സരത്തിൽ ഓസ്ട്രിയയോട് ഇതേ സ്കോറിന് തോറ്റതാണ് ഇതിനുമുമ്പത്തെ വമ്പൻ പരാജയം.

കളിയിലുടനീളം ജർമനിയെ നിഷ്‌പ്രഭമാക്കിയ  സ്‌പെയ്‌നിനായി മുന്നേറ്റക്കാരൻ ഫെറാൻ ടോറെസ് എന്ന ഇരുപതുകാരൻ    ഹാട്രിക് നേടി. അൽവാരോ മൊറാട്ട, റോഡ്രി, മൈക്കേൽ ഒയർസബൽ എന്നിവർ പട്ടിക പൂർത്തിയാക്കി.ആറ് കളിയിൽ 11 പോയിൻ്റോടെയാണ്  സ്‌പെയ്‌ൻ അവസാന നാലിൽ ഇടം നേടിയത്. ജർമനിക്ക് ഒമ്പത് പോയിൻ്റേയുള്ളു.  ലോക ചാമ്പ്യൻമാരായ ഫ്രാൻസ് 4–2ന് സ്വീഡനെ മറികടന്നു. 16 പോയിൻ്റോടെയാണ് ഫ്രാൻസിൻ്റെ സെമി കുതിപ്പ്.

റൂബൻ ഡയസിൻ്റെ ഇരട്ടഗോളിൽ പോർച്ചുഗൽ 3–2ന് ക്രൊയേഷ്യയെ കീഴടക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ചില്ലെങ്കിലും പുതിയ റെക്കോഡിട്ടു. രാജ്യാന്തര ഫുട്‌ബോളിൽ കൂടുതൽ വിജയം നേടുന്ന (101) മൂന്നാമത്തെ താരമായി. സെർജിയോ റാമോസ് (130), ഇകർ കസിയസ് (121) എന്നിവരാണ് മുന്നിലുള്ളത്.  സെമിയിലേക്കുള്ള രണ്ട് സ്ഥാനങ്ങൾക്ക് ഇറ്റലി, നെതർലൻ്റ്സ്‌, ബെൽജിയം, ഡെൻമാർക്ക് എന്നിവരാണ് മുൻനിരയിൽ..