ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് 75 രൂപയുടെ നാണയം പുറത്തിറക്കാൻ തീരുമാനം. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടന സ്‌മരണാർത്ഥമാണ് നാണയമിറക്കുകയെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യത്തോടുള്ള ബഹുമാനാർത്ഥം കൂടിയാകും ഇത്. പാർലമെന്റ് ഉദ്ഘാടനചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാണയം പ്രകാശനം ചെയ്യും.
ഒരുവശത്ത് അശോകസ്‌തംഭവും അതിന്ചുവട്ടിലായി സത്യമേവ ജയതേ എന്നും എഴുതിയിരിക്കും. ഇടത് വശത്തായി ദേവനാഗരി ലിപിയിൽ ‘ഭാരത്’ എന്ന എഴുത്തുണ്ട്. വലത് വശത്തായി ഇന്ത്യ എന്ന് ഇംഗ്ളീഷിലും എഴുതും. റുപേ ചിഹ്നവും 75 എന്നും രേഖപ്പെടുത്തും. മറുവശത്തായി പാർലമെന്റിന്റെ ചിത്രം ആലേഖനം ചെയ്യും.ദേവനാഗരി ലിപിയിൽ സൻസദ് സംഗുൽ എന്നും ഇംഗ്ളീഷിൽ പാർലമെന്റ് മന്ദിരം എന്നും അടയാളപ്പെടുത്തും.
വൃത്താകൃതിയിൽ 44 മി.മീറ്റർ വ്യാസമുള്ള 35 ഗ്രാം ഭാരമുള്ള നാണയം വെള്ളി, ചെമ്പ്, നിക്കൽ,സിങ്ക് എന്നിവ ചേർന്നതാണ്. ഞായറാഴ്‌ച നടക്കുന്ന പാർലമെന്റ് ഉദ്ഘാടനത്തിൽ 25ഓളം പാർട്ടികൾ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എഎപി, സമാജ്‌വാദി പാർട്ടിയടക്കം വിവിധ പാർട്ടികൾ ചടങ്ങ് ബഹിഷ്‌കരിക്കും. പ്രധാനമന്ത്രിയ്‌ക്ക് പകരം രാഷ്‌ട്രപതി ദ്രൗപതി മുർമു തന്നെ മന്ദിരം ഉദ്‌ഘാടനം ചെയ്യണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.