വ്യാജസമ്മതപത്രം മൂലം ജോലി നഷ്ടപ്പെട്ട ശ്രീജയ്ക്ക് നിയമന ഉത്തരവ് നല്‍കി പി.എസ്.സി

പി.എസ്.സി റാങ്ക് പട്ടികയിലുണ്ടായിരുന്ന ശ്രീജയുടെ പേരില്‍ മറ്റൊരാള്‍ ജോലി വേണ്ടെന്ന സമ്മതപത്രം നല്‍കിയതോടെയാണ് നിയമനം നിഷേധിക്കപ്പെട്ടത്.

വ്യാജസമ്മതപത്രം മൂലം ജോലി നഷ്ടപ്പെട്ട ശ്രീജയ്ക്ക് നിയമന ഉത്തരവ് നല്‍കി പി.എസ്.സി

തിരുവനന്തപുരം: വ്യാജസമ്മതപത്രത്തിന്റെ പേരില്‍ ജോലിനഷ്ടപ്പെട്ട പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി എസ്. ശ്രീജ നിയമന ഉത്തരവ് കൈപ്പറ്റി. പി.എസ്.സി റാങ്ക് പട്ടികയിലുണ്ടായിരുന്ന ശ്രീജയുടെ പേരില്‍ മറ്റൊരാള്‍ ജോലി വേണ്ടെന്ന സമ്മതപത്രം നല്‍കിയതോടെയാണ് നിയമനം നിഷേധിക്കപ്പെട്ടത്. ശ്രീജയ്ക്ക് നേരിടേണ്ടി വന്ന നീതി നിഷേധത്തില്‍ പിഴവ് ബോധ്യമായ പി.എസ്.സി ഇന്ന് ശ്രീജയെ കോട്ടയത്തെ ഓഫീസിലേക്ക് ക്ഷണിച്ചു വരുത്തിയാണ് അര്‍ഹതപ്പെട്ട നിയമന ശുപാര്‍ശ അവര്‍ക്ക് കൈമാറിയത്. ഇന്ന് 12 മണിക്ക് കോട്ടയം പിഎസ്സി ഓഫീസിലെത്തി നിയമന ശുപാര്‍ശ ശ്രീജ കൈപ്പറ്റിയത്.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലാണ് നിയമനം. പിഎസ്സി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ശ്രീജയല്ല സമ്മതപത്രം നല്‍കിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കാന്‍ പി.എസ്.സി. തീരുമാനിച്ചത്. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും ഇപ്പോള്‍ ജോലി കിട്ടിയതില്‍ വലിയ സന്തോഷമുണ്ടെന്നും നിയമന ഉത്തരവ് കൈപ്പറ്റിയ ശേഷം ശ്രീജ പ്രതികരിച്ചു. വിഷമം പുറത്തെത്തിച്ച മാധ്യമങ്ങളടക്കം കൂടെനിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ശ്രീജ പറഞ്ഞു.

ജോലി വേണ്ടെന്ന് തന്റെ പേരില്‍ മറ്റൊരാള്‍ വ്യാജ സമ്മത പത്രം നല്‍കിയത് മൂലമാണ് അര്‍ഹതപ്പെട്ട  നിയമനം ശ്രീജയ്ക്ക് കിട്ടാതെ പോയത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ റാങ്ക് ലിസ്റ്റില്‍ ജനറല്‍ വിഭാഗത്തില്‍ 233 ആം റാങ്ക് ആയിരുന്നു പത്തനംതിട്ട മല്ലപ്പള്ളി കുളത്തൂര്‍ എസ് ശ്രീജയ്ക്ക്. എന്നാല്‍ കൊല്ലം സ്വദേശിനിയായ മറ്റൊരു ശ്രീജയില്‍ നിന്ന് ചിലര്‍ ഒപ്പിട്ടുവാങ്ങിയ സമ്മതപത്രത്തിന്റെ പേരിലാണ് എസ്.ശ്രീജയ്ക്ക് നിയമനം നിഷേധിക്കപ്പെട്ടത്. ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും പി.എസ്.സി വ്യക്തമായ ഉത്തരം നല്‍കുന്നില്ല.