കൊളംബോ: വിദേശ നയംവ്യക്തമാക്കി ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ. ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ ‘സാന്‍ഡ്‌വിച്ച്’ ആകാനില്ലെന്ന് ദിസനായകെ പറഞ്ഞു. അയൽരാജ്യങ്ങളുമായി സമതുലിതമായ ബന്ധം വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൊണോക്കിൾ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
രാജ്യത്തിൻ്റെ ശക്തി നോക്കാതെ ഇന്ത്യയോടും ചൈനയോടും സര്‍ക്കാരിന് ഒരേ ബന്ധമായിരിക്കും. ഏതെങ്കിലും ഒരു രാജ്യവുമായി കൂടുതല്‍ അടുപ്പത്തിനുമില്ല-ദിസനായകെ പറഞ്ഞു.
ഇരു രാജ്യങ്ങളും മൂല്യമേറിയ സുഹൃത്തുക്കളാണ്. ഇന്ത്യയും ചൈനയുമായി അടുത്ത ബന്ധം പുലർത്താനാണ് സർക്കാർ ആഗ്രഹിക്കുന്നത്. കൂടാതെ, യൂറോപ്യൻ യൂണിയൻ, മധ്യപൂർവേഷ്യ, ആഫ്രിക്ക തുടങ്ങിയവയായും നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയായിരുന്നു ശ്രീലങ്കയുടെ ഒൻപതാം പ്രസിഡൻ്റായി മാർക്സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. ശനിയാഴ്ച നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ 42.31 ശതമാനം വോട്ടുനേടിയായിരുന്നു അദ്ദേഹത്തിൻ്റെ വിജയം.