ശിവശങ്കറിനെ രക്ഷിക്കാൻ ‘ശ്രീറാം മോഡൽ’

ശിവശങ്കറിനെ രക്ഷിക്കാൻ ‘ശ്രീറാം മോഡൽ’

തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ കാറിടിച്ചുകൊന്ന കേസിൽ അറസ്റ്റിലായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ കോടതി റിമാൻഡ് ചെയ്തപ്പോൾ ‘റിട്രോഗ്രേഡ് അംനേഷ്യ’ എന്ന അപൂർവരോഗത്തിന് ചികിത്സ നൽകുന്നതിനാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. പിന്നീട് ജാമ്യവും കിട്ടി. ഇതുതന്നെ ഡോളർക്കടത്ത് കേസിൽ കസ്റ്റംസിൻ്റെ അറസ്റ്റിൽനിന്ന് മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ രക്ഷിച്ചതും  ‘ശ്രീറാം മോഡൽ’ ചികിത്സ.  സ്വകാര്യ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന ഘട്ടംവന്നപ്പോൾ ശിവശങ്കറിനെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വിവിധ ഇടപാടുകൾക്ക് കമ്മിഷനായി ലഭിച്ച ഡോളർ വിദേശത്തേക്ക്‌ കടത്തുന്നതിന് സ്വപ്ന സുരേഷിനെ സഹായിച്ചത് ശിവശങ്കറാണെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. സ്വർണക്കടത്ത്, ലൈഫ് മിഷൻ ഇടപാടുകളിൽ കസ്റ്റംസുമായി സഹകരിച്ച ശിവശങ്കർ പക്ഷേ ഡോളർക്കടത്ത് കേസിൽ കസ്റ്റംസിനോട് നിസഹകരണത്തിലായിരുന്നു. ഇതേ തുടർന്നാണ് നേരത്തെ നോട്ടീസ് നൽകി വിളിച്ചുവരുത്തുന്ന പതിവ് ശൈലി കസ്റ്റംസ് മാറ്റിയത്. അപ്രതീക്ഷിതമായി എത്തിയ കസ്റ്റംസ് സംഘം കൂട്ടിക്കൊണ്ടുപോയപ്പോഴെ ശിവശങ്കർ അറസ്റ്റ് ഭയന്നിരുന്നു. ഇതിനിടെയാണ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ അവിടെ തങ്ങി.

രക്തസമ്മർദം കൂടിയതും ഇ.സി.ജി.യിലെ നേരിയ വ്യതിയാനവുമാണ് ആദ്യപരിശോധനയിൽ കണ്ടത്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയത് അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കമാണെന്ന് സംശയമുയർന്നു. അനാവശ്യമായി ചികിത്സ നീട്ടിച്ച് ആശുപത്രിയിൽ തുടരാനുള്ള അവസരം നൽകിയാൽ പ്രത്യാഖ്യാതമുണ്ടാകുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ആശുപത്രി മാനേജ്‌മെന്റിന് മുന്നറിയിപ്പും നൽകി.

ശനിയാഴ്ച ഉച്ചയ്ക്ക് ആശുപത്രി ഇറക്കിയ പത്രക്കുറിപ്പിൽ ശിവശങ്കറിന്റെ നട്ടെല്ലിന് തകരാറുകളല്ലാതെ മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കിയിരുന്നു. തങ്ങളെ അറിയിക്കാതെ ഡിസ്ചാർജ് ചെയ്യരുതെന്ന് കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥർ ഡോക്ടർമാരോട് പറഞ്ഞു. ഇതിനിടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ ചികിത്സ സർക്കാർ നിയന്ത്രണത്തിലായി. സ്വകാര്യ ആശുപത്രിയിൽ കസ്റ്റംസ് പ്രയോഗിച്ച സമ്മർദതന്ത്രം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിലപ്പോകാനിടയില്ല.