സമൂഹമാധ്യമങ്ങൾ ദുരുപയോഗിച്ച് വ്യാജവാർത്ത പ്രചാരണവും ആക്രമണങ്ങളും നടത്തിയാൽ കർശന നടപടിയെടുക്കും;കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

കർഷക സമരവുമായി ബന്ധപ്പെട്ട് ആയിരത്തിലേറെ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്രം ആവശ്യപ്പെടുകയും ട്വിറ്റർ അനുസരിക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണു കേന്ദ്രമന്ത്രിയുടെ പ്രതികരണം

സമൂഹമാധ്യമങ്ങൾ ദുരുപയോഗിച്ച് വ്യാജവാർത്ത പ്രചാരണവും ആക്രമണങ്ങളും നടത്തിയാൽ കർശന നടപടിയെടുക്കും;കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

സമൂഹമാധ്യമങ്ങൾ ദുരുപയോഗിച്ച് വ്യാജവാർത്ത പ്രചാരണവും ആക്രമണങ്ങളും നടത്തിയാൽ കർശന നടപടിയെടുക്കുമെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ പറഞ്ഞു. കർഷക സമരവുമായി ബന്ധപ്പെട്ട് ആയിരത്തിലേറെ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്രം ആവശ്യപ്പെടുകയും ട്വിറ്റർ അനുസരിക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണു കേന്ദ്രമന്ത്രിയുടെ പ്രതികരണം.‘സമൂഹമാധ്യമങ്ങളെ വളരെയധികം ബഹുമാനിക്കുന്നു. സാധാരണക്കാരെ അവ ശാക്തീകരിക്കുന്നുണ്ട്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ സമൂഹമാധ്യമങ്ങൾക്കു വലിയ പങ്കാണുള്ളത്. അങ്ങനെയായിരുന്നാലും, വ്യാജവാർത്തകളുടെ പ്രചാരണത്തിനും ആക്രമങ്ങൾ പ്രോത്സാഹിപ്പിക്കാനും സമൂഹമാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തിയാൽ കർശന നടപടിയെടുക്കും’– രവിശങ്കർ പ്രസാദ് പറഞ്ഞു.

ഐടി നിയമത്തിനുകീഴിലുള്ള 69എ വകുപ്പുപ്രകാരം സർക്കാർ ചൂണ്ടിക്കാട്ടിയ മുഴുവൻ അക്കൗണ്ടുകളും നീക്കം ചെയ്യണമെന്ന നിലപാടിനോടു മുഖംതിരിച്ചിരിക്കുകയാണു ട്വിറ്റർ.തുറന്ന ഇന്റര്‍നെറ്റ്, സ്വതന്ത്രമായ അഭിപ്രായപ്രകടനം എന്നിവയ്ക്കു ലോകമെമ്പാടും ഭീഷണി നേരിടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്ന നടപടികള്‍ ഇന്ത്യയിലെ നിയമത്തിന് അനുസൃതമാണെന്നു തോന്നുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്ന കമ്പനി നയത്തിനു വിരുദ്ധവുമാണത്. മാധ്യമ സ്ഥാപനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരുടെ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയില്ല. അങ്ങനെ ചെയ്താല്‍ അവരുടെ അടിസ്ഥാന അവകാശങ്ങളെ ലംഘിക്കുന്നതിനു തുല്യമാണെന്നും ട്വിറ്റര്‍ വ്യക്തമാക്കി.