മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ഹിറ്റുകളിലൊന്നായ കളിയാട്ടത്തിന് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജയരാജും വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ജയരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഒരു പൊരുങ്കളിയാട്ടം’ എന്നാണ് ചിത്രത്തിന്‍റെ പേര്.
1997 ൽ കളിയാട്ടം എന്ന ചിത്രത്തിന് വേണ്ടിയാണ് താനും സുരേഷ് ഗോപിയും ഒരുമിച്ചത്. ഇപ്പോഴിതാ തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും ഒന്നിക്കുകയാണ്. ‘ഒരു പൊരുങ്കളിയാട്ടം.’ ഇതിന് കളിയാട്ടം എന്ന സിനിമയുമായി യാതൊരു ബന്ധവുമില്ല. ഇതൊരു വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നും ജയരാജ് പറഞ്ഞു.
വില്യം ഷേക്സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തെ ആസ്പദമാക്കിയുള്ളതാണ് ജയരാജിന്‍റെ കളിയാട്ടം. ബൽറാം മട്ടന്നൂരാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കണ്ണൻ പെരുമലയം എന്ന കഥാപാത്രത്തിന് സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയപുരസ്കാരവും ലഭിച്ചിരുന്നു. മഞ്ജു വാര്യർ താമര എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്.