ഈ അമ്മ സ്വര്‍ണ്ണമ്മയല്ല, പൊന്നമ്മയാണ് പൊന്നമ്മ

കൊടുംവെയിലില്‍ കുഞ്ഞ് ആ നെഞ്ചില്‍ വാടി ഉറങ്ങുന്ന വിഡിയോ കണ്ണ് നനയിക്കും. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടുകയാണ് ജീവിക്കാനുള്ള വ്യഗ്രതയില്‍.

ഈ അമ്മ സ്വര്‍ണ്ണമ്മയല്ല, പൊന്നമ്മയാണ് പൊന്നമ്മ

ഈ അമ്മയ്ക്ക് നമോവാകം. എല്ലാ അര്‍ത്ഥത്തിലും അമ്മയായ ഈ യുവതി ഒരു പാഠപുസ്തകമാണ്. കണ്ട് പകര്‍ത്തുക. പിഞ്ചുകുഞ്ഞിനെ നെഞ്ചിലിട്ട്  പൊള്ളുന്ന വെയില്‍ വകവയ്ക്കാതെ ജോലി ചെയ്യുകയാണ് ഇവര്‍. സ്വിഗ്ഗിക്കു വേണ്ടി സ്‌കൂട്ടറില്‍ ഭക്ഷണ വിതരണം നടത്തുകയാണ് യുവതി. കൊടുംവെയിലില്‍ കുഞ്ഞ് ആ നെഞ്ചില്‍ വാടി ഉറങ്ങുന്ന വിഡിയോ കണ്ണ് നനയിക്കും. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടുകയാണ് ജീവിക്കാനുള്ള വ്യഗ്രതയില്‍. 

ഏതോ വഴിയാത്രക്കാരന്‍ യാത്രയ്ക്കിടെ കണ്ടതു ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതോടെ വിഡിയോ വൈറലാകുകയായിരുന്നു. തന്റെ വിഡിയോ ആരെങ്കിലും എടുത്തതോ വൈറലായതോ എറണാകുളം ഇടപ്പള്ളിയില്‍ താമസിക്കുന്ന കൊല്ലം ചിന്നക്കട സ്വദേശി എസ്.രേഷ്മ അറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരി ഗ്രൂപ്പില്‍ ഈ വിഡിയോ പോസ്റ്റു ചെയ്ത് ആരാണ് എന്നു ചോദിക്കുമ്പോഴാണു വിവരം അറിയുന്നത്.
'പിന്നെ ആരൊക്കെയോ വാട്‌സാപ്പില്‍ അയച്ചു തന്നു. ശരിക്കും പേടിച്ചു പോയി. ജോലി നഷ്ടമാകുമോ എന്നായിരുന്നു ആദ്യ ഭയം. വേറെ ഒരു വഴിയുമില്ലാത്തുകൊണ്ടാണു കുഞ്ഞുമായി ജോലിക്കു പോകേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്നു വിളിച്ച് വിഡിയോയിലുള്ളത് താനല്ലേ എന്നു ചോദിച്ചപ്പോഴും ജോലിയില്‍നിന്ന് പറഞ്ഞു വിടുമോ എന്നായിരുന്നു ഭയം.' - രേഷ്മ പറയുന്നു. 

'എന്റെ നെഞ്ചില്‍ ചാരിക്കിടക്കുമ്പോള്‍ അവള്‍ ഏറ്റവും സുരക്ഷിതയാണെന്ന് ഉറപ്പുണ്ട്. പെണ്‍കുഞ്ഞല്ലേ. ധൈര്യമായി ഞാന്‍ ആരെ ഏല്‍പിക്കും? വിഡിയോ പലരും കൂട്ടുകാരും വീട്ടുകാരുമൊക്കെയുള്ള ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ചിലര്‍ നെഗറ്റീവ് കമന്റ് എഴുതിയത് തളര്‍ത്തി. കംഗാരുവിനെപ്പോലെ കുഞ്ഞിനെയും കൊണ്ടുപോകാതെ എവിടെ എങ്കിലും ഏല്‍പിച്ചു കൂടെ? പൊലീസില്‍ പരാതി കൊടുക്കും എന്നൊക്കെയാണ് ചിലര്‍ എഴുതിയത്. സത്യത്തില്‍ പേടിയുമുണ്ട്. ഞായറാഴ്ച ഡേ കെയര്‍ ഇല്ലാത്തതിനാല്‍ ഒരു ദിവസം അവളെ കൂടെ കൊണ്ടുപോയേ പറ്റുകയുള്ളൂ.

വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള ഡേകെയറില്‍ ആഴ്ചയില്‍ ആറു ദിവസവും കുഞ്ഞിനെ വിടുന്നുണ്ട്. ഞായറാഴ്ച കൂടി അവരെ എങ്ങനെയാണു ബുദ്ധിമുട്ടിക്കുക എന്നോര്‍ത്താണു ജോലിക്കു പോകുമ്പോള്‍ കൂടെക്കൂട്ടുന്നത്. ശനിയും ഞായറും ജോലി ചെയ്താല്‍ ഇന്‍സെന്റീവ് കൂടുതല്‍ കിട്ടും. ദിവസവും രാവിലെ 9 മുതല്‍ രാത്രി 9 വരെ സുന്ദിയമ്മ എന്ന ആ അമ്മയാണ് കുഞ്ഞിനെ നോക്കുന്നത്. കൂടെ കൊണ്ടുപോകുന്നത് മോള്‍ക്കും സന്തോഷമാണ്. യാത്ര ചെയ്യാം ആളുകളെ കാണാം. കാണുന്ന പലര്‍ക്കും കൗതുകമാണെങ്കിലും എനിക്കതില്‍ അഭിമാനമാണ്. 

വിവാഹിതയായി കൊച്ചിയിലെത്തിയിട്ട് നാലു വര്‍ഷമായി. വീട്ടുകാര്‍ക്കു താല്‍പര്യമില്ലാത്ത വിവാഹമായിരുന്നതിനാല്‍ അവര്‍ വരാറില്ല.  പ്ലസ്ടു സയന്‍സ് ജയിച്ച ശേഷം ഡിപ്ലോമ കോഴ്‌സ് ചെയ്തു. അതുകഴിഞ്ഞായിരുന്നു വിവാഹം. ഭര്‍ത്താവ് രാജു ജോലിക്കായി ഗള്‍ഫില്‍ പോയിട്ട് ഒരു വര്‍ഷമായി. ഹോട്ടല്‍ ജോലിയാണ്. എല്ലാ മാസവും അദ്ദേഹം ചെറിയ തുക അയച്ചു തരും. കൂട്ടുകാരി പറഞ്ഞാണ് കലൂരിലെ സ്ഥാപനത്തില്‍ കോര്‍പ്പറേറ്റ് അക്കൗണ്ടിങ് കോഴ്‌സ് പഠിക്കാന്‍ പോയിത്തുടങ്ങിയത്.

അതിനു ഫീസടയ്ക്കാന്‍ കൂടി പണം വേണമെന്നതിനാലാണ് അല്‍പം കഷ്ടപ്പെട്ടായാലും ജോലിക്കു പോകാന്‍ തീരുമാനിച്ചത്. അവര്‍ തന്നെ പ്ലേസ്‌മെന്റ് തരുമെന്നാണ് പറഞ്ഞിരിക്കുന്നത്. വാടകയ്ക്ക് നല്ലൊരു തുക വേണം. ഡേ കെയറിലും മറ്റു ചെലവുകളും കഴിഞ്ഞാല്‍ ഓരോ മാസവും വരവു ചെലവുകളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത് പ്രയാസമാണ്. ഫീസടയ്ക്കാന്‍ സാധിക്കാതിരുന്നതിനാല്‍ രണ്ടാഴ്ചയായി ക്ലാസില്‍ പോകുന്നില്ല.
ക്ലാസുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ രാത്രി ഒന്‍പതു വരെ ഭക്ഷണ വിതരണത്തിനു പോകും.

പലരും കടയില്‍ നില്‍ക്കാനോ സെയില്‍സിനോ ഒക്കെ വിളിച്ചിട്ടുണ്ട്. പക്ഷെ പഠനത്തോടൊപ്പം ചെയ്യാന്‍ നല്ലത് ഇതായതിനാലാണു സ്വിഗ്ഗി തിരഞ്ഞെടുത്തത്. ഒരു ദിവസം ജോലിക്കു പോകാന്‍ സാധിക്കാതിരുന്നാലും വലിയ പ്രശ്‌നമില്ല. ഒരു സ്ഥാപനത്തില്‍ ജോലിക്കു കയറിയിട്ട് ഒരു ദിവസം പോകാന്‍ പറ്റിയില്ലെങ്കില്‍ അവര്‍ക്കും ബുദ്ധിമുട്ടാകും. വിശക്കുന്ന ഒരാള്‍ക്ക് ഭക്ഷണം കൊണ്ടുകൊടുക്കുന്ന ജോലിയല്ലേ. എനിക്കതു ചെയ്യാന്‍ സന്തോഷമാണ്'- രേഷ്മ പറഞ്ഞു.