ഡർബൻ:ദക്ഷിണാഫ്രിക്കൻ ബൗളര്‍മാരെ അക്ഷരാര്‍ഥത്തില്‍ തല്ലിത്തകര്‍ത്ത് സഞ്ജു സാംസണ്‍. അതോടെ ഇന്ത്യയ്ക്കായി ടി20 ജേഴ്‌സിയിലെ തുടർച്ചയായ രണ്ടാം സെഞ്ചുറിയും ആ ബാറ്റിൽ നിന്ന് പിറന്നു. 47 പന്തിലായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി. ഒടുവിൽ 50 പന്തിൽ 107 റൺസ് എടുത്താണ് സഞ്ജു ക്രീസ് വിട്ടത്. ഈ ഇന്നിങ്സോടെ സഞ്ജു പുതിയ റെക്കോർഡ് കുറിച്ചു.
പ്രോട്ടീസിനെതിരായ ആദ്യ ടി20യിൽ 10 സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിൻ്റെ ഇന്നിങ്‌സ് . തുടർച്ചയായ കളികളിൽ സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് സഞ്ജു സാംസൺ. തുടർച്ചയായ രണ്ട് ടി20 ഇന്നിംഗ്‌സുകളിൽ സെഞ്ച്വറി നേടുന്ന ലോകത്തിലെ നാലാമത്തെ കളിക്കാരനുമാണ് അദ്ദേഹം.
നേരത്തെ ബംഗ്ലാദേശിനെതിരേയായിരുന്നു സഞ്ജു സാംസന്റെ ആദ്യ സെഞ്ചുറി. ഇതോടെ ഇന്ത്യയ്ക്കായി ടി 20 മത്സരത്തിൽ ആദ്യ സെഞ്ചുറി തികച്ച സഞ്ജു ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും സ്വന്തമാക്കി. ഇന്ത്യന്‍ താരത്തിന്റെ ടി20-യിലെ വേഗമേറിയ രണ്ടാം സെഞ്ചുറി കൂടിയായിരുന്നു സഞ്ജുവിന്റേത്. മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ എം.എസ് ധോനിക്കോ ഋഷഭ് പന്തിനോ പോലും സ്വന്തമാക്കാന്‍ സാധിക്കാതിരുന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്.