തിരുവനന്തപുരം: യു.ഡി.എഫ് സംവിധാനത്തിനെതിരായ അതൃപ്തി പരസ്യമാക്കിയ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന് മറുപടിയുമായി വി.ഡി സതീശൻ. യു.ഡി.എഫിൽ ഷിബു ബേബി ജോൺ അഭിപ്രായം പറയണം. മാധ്യമങ്ങളോടല്ല കാര്യങ്ങൾ പറയേണ്ടത്. എല്ലാ മാസവും യു.ഡി.എഫ് യോഗം ചേരാറുണ്ട്. വിമർശനങ്ങൾ യു.ഡി.എഫ് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭത്തിന്റെ കാര്യങ്ങളിൽ യു.ഡി.എഫിന് വീഴ്ച പറ്റിയെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടും യു.ഡി.എഫ് യോഗം ചേർന്നില്ലെന്നും മുൻകാലങ്ങളിൽ ഇങ്ങനെയായിരുന്നില്ലെന്നും ഷിബു ബേബി ജോൺ വിമർശിച്ചു. ഇക്കാര്യങ്ങൾ അടുത്ത ദിവസം ചേരുന്ന യു.ഡി.എഫ് യോഗത്തിൽ അറിയിക്കുമെന്ന് ആർ.എസ്.പി നേതൃത്വം വ്യക്തമാക്കിയിരുന്നു.
യു.ഡി.എഫ് കൂടുതൽ കാര്യക്ഷമമാകണം. സമരങ്ങൾ കൂടുതൽ ശക്തമാകണം. ഇവർ എന്തുകൊണ്ട് പുറത്തിറങ്ങി പ്രതിഷേധിക്കുന്നില്ലെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഏപ്രിൽ ഒന്നിന് ഹർത്താൽ വേണമെന്നാണ് ആർഎസ്പിയുടെ അഭിപ്രായമെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു. അതേസമയം, ബ്രഹ്മപുരം തീപിടിത്ത കേസിൽ ഹരിത ട്രൈബ്യൂണൽ വിധി വന്നിട്ടും സർക്കാർ മൗനം പാലിക്കുകയാണെന്ന് ഷിബു ബേബി ജോൺ ആരോപിച്ചു.