ക്യാൻസറിനെ തുരത്താം; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

നിരവധി പോഷക ഘടകങ്ങളാണ് പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്നത്.

ക്യാൻസറിനെ തുരത്താം; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ഭക്ഷണ കാര്യത്തിൽ ചിലതൊക്കെ ശ്രദ്ധിച്ചാൽ പല ഗുരുതരമായ അസുഖങ്ങളെയും അകറ്റാൻ നമുക്ക് കഴിയും. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, നാരുകള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് ഇന്ന് എല്ലാവരും ഭയപ്പെടുന്ന ക്യാന്‍സറിനെ ഒരു പരിധി വരെ തടയാം. ഇതോടൊപ്പം മാംസം, മധുരം, ഉപ്പ്, എണ്ണ, വറുത്ത് പൊരിച്ച ആഹാരങ്ങള്‍ എന്നിവ ഒഴിവാക്കി കൃത്യമായ വ്യായാമവും ശീലമാക്കുന്നത് ക്യാന്‍സറിനെയും മറ്റ് പല രോഗങ്ങളെയും ഒരു പരിധി വരെ അകറ്റി നിർത്താൻ സാധിക്കും.


നിരവധി പോഷക ഘടകങ്ങളാണ് പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്നത്. അതു കൊണ്ടാണ് ഇവയെ സൂപ്പര്‍ ഫുഡ് എന്ന് വിളിക്കുന്നത്. കാരറ്റിനോയ്ഡുകള്‍, ഫ്ലാവനോയ്ഡുകള്‍, ബീറ്റാ കരോട്ടിന്‍, ഫൈറ്റോ കെമിക്കലുകള്‍, ഫൊലേറ്റുകള്‍, വിറ്റാമിന്‍ എ, സി, ഇ, കെ എന്നീ പോഷകങ്ങളാണ് ഇവയിലുള്ളത്. ആന്‍റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന ഇവ കോശങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം ശരീരത്തിന്‍റെ രോഗ പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യും.  

ബീറ്റാ കരോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ തടയാന്‍ ബെസ്റ്റാണ്. ഇവ ശരീരത്തിലെ ഫ്രീറാഡിക്കലുകളെ (രാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കോശങ്ങളില്‍ അവശേഷിക്കുന്ന രാസവസ്തു) പുറം തള്ളുന്നു. നല്ല മഞ്ഞ നിറമുള്ള മത്തങ്ങ, കാരറ്റ്, പച്ച നിറമുള്ള ഇലക്കറികള്‍, പഴുത്ത പപ്പായ, ചുവന്ന നിറത്തിലുള്ള മറ്റ് പഴങ്ങള്‍ എന്നിവ ബീറ്റാ കരോട്ടിന്‍ കൊണ്ട് സമൃദ്ധമാണ്.

 ക്രൂസിഫെറസ് വെജിറ്റബിള്‍സ്  കാറ്റഗറിയിൽ ഉൾപ്പെടുന്ന കാബേജ്, കോളിഫ്ലവര്‍, ബ്രോക്കോളി, മധുരക്കിഴങ്ങ്, മധുര മുള്ളങ്കി എന്നീ പച്ചക്കറികളില്‍ കാണപ്പെടുന്ന ഗ്ലൂക്കോസിനോലേറ്റുകള്‍ ക്യാന്‍സറിനെ തടയാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ശരീരത്തിലെ ഫ്രീറാഡിക്കലുകളെ പുറന്തള്ളാനും ഇവ സഹായിക്കും.

സിട്രസ് പഴങ്ങളായ നാരങ്ങ, ഓറഞ്ച്, മുസംബി എന്നിവയ്ക്ക് ക്യാന്‍സര്‍ തടയാനുള്ള ശേഷിയുണ്ട്.  ഇതോടൊപ്പം ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കാനും നാരങ്ങ നല്ലതാണ്.  

ആമാശയത്തിലെ അര്‍ബുദം തടയാന്‍ തക്കാളിക്ക് സാധിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പുരുഷന്മാരില്‍ കണ്ടുവരുന്ന പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ തടുക്കാന്‍ തക്കാളിക്ക് സാധിക്കും. ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുള്ള നാരുകള്‍, ആന്‍റി ഓക്സിഡന്‍റ്സ്, ധാതുക്കള്‍ എന്നിവ ക്യാന്‍സറിനെ പ്രതിരോധിക്കുന്നു. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച കുറക്കാന്‍ ഇവ സഹായിക്കും.  

വെളുത്തുള്ളിയും ക്യാന്‍സര്‍ തടയാന്‍ ഉത്തമമാണ്. ഇതില്‍ അടങ്ങിയിട്ടുള്ള അലിസിന്‍ എന്ന ഘടകം അര്‍ബുദ കോശങ്ങളെ തുരത്തുന്നു. ഇതോടൊപ്പം വിറ്റാമിന്‍, കാത്സ്യം, ധാതുക്കള്‍ എന്നിവയും വെളുത്തുള്ളിയിലുണ്ട്. ഇവയിലുള്ള സള്‍ഫര്‍ സംയുക്തങ്ങള്‍ ട്യൂമര്‍ സെല്ലുകള്‍ കൂടുതല്‍ വളരാതിരിക്കാന്‍ സഹായിക്കുന്നു.

മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍കുമിന്‍ അര്‍ബുദ ചികിത്സക്ക് നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഇത് സഹായിക്കും.  മത്തി, അയല പോലെയുള്ള മീനുകളില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഡിയും ക്യാന്‍സര്‍ സാധ്യത കുറക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് നേരമെങ്കിലും ഇവ കഴിച്ചാല്‍ ആവശ്യത്തിനുള്ള പോഷകങ്ങള്‍ ശരീരത്തിന് ലഭ്യമാകും.   

പഴങ്ങളും പച്ചക്കറികളും നാരുകളും ധാന്യങ്ങളും അടങ്ങിയ റെയിന്‍ബോ ഡയറ്റ് ശീലമാക്കുക എന്നതാണ് പ്രധാനമായും ക്യാന്‍സര്‍ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്. പല നിറങ്ങളിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. തവിടോട് കൂടിയ അരി, തോടുള്ള പരിപ്പ്, പയര്‍, കടല എന്നിങ്ങനെ ധാന്യങ്ങള്‍ കഴിവതും മുഴുവനായി തന്നെ ഉപയോഗിക്കുക.