ചൊവ്വയിലെ ഭൂഗര്‍ഭ 'തടാകങ്ങള്‍': കൂടുതല്‍ തിളങ്ങുന്ന ഭാഗങ്ങള്‍ കണ്ടെത്തി, ദുരൂഹത തുടരുന്നു

ചൊവ്വയുടെ ഉപരിതലത്തിന് താഴെയുള്ള തിളങ്ങുന്ന എന്തിലോ തട്ടി റഡാര്‍ സിഗ്‌നലുകള്‍ പ്രതിഫലിക്കുന്നു.

ചൊവ്വയിലെ ഭൂഗര്‍ഭ 'തടാകങ്ങള്‍': കൂടുതല്‍ തിളങ്ങുന്ന ഭാഗങ്ങള്‍ കണ്ടെത്തി, ദുരൂഹത തുടരുന്നു

പൊടിനിറഞ്ഞ വരണ്ട ചുവപ്പന്‍ ഗ്രഹമായ ചൊവ്വയില്‍ 2018ല്‍ ശാസ്ത്രജ്ഞര്‍ വലിയൊരു കണ്ടെത്തല്‍ നടത്തി. ചൊവ്വയുടെ ഉപരിതലത്തിന് താഴെയുള്ള തിളങ്ങുന്ന എന്തിലോ തട്ടി റഡാര്‍ സിഗ്‌നലുകള്‍ പ്രതിഫലിക്കുന്നു. ചൊവ്വയുടെ ആഴത്തില്‍ ദ്രവ രൂപത്തിലുള്ള ജലമുണ്ടെന്ന നിഗമനത്തിലാണ് ഇതോടെ ഒരു കൂട്ടം ഗവേഷകര്‍ എത്തിയത്. ചൊവ്വക്കുള്ളിലെ ഈ തടാകങ്ങളെ കൂടുതല്‍ ദുരൂഹമാക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ചൊവ്വയുടെ ഉപരിതലത്തില്‍ നടത്തിയ റഡാര്‍ പരിശോധനകളില്‍ കൂടുതല്‍ തിളങ്ങുന്ന ഭാഗങ്ങള്‍ കണ്ടെത്താനായി. ഇതുവരെ ചൊവ്വയില്‍ ഒരു തുള്ളി പോലും വെള്ളമുണ്ടെന്നതിന്റെ തെളിവുകള്‍ നമുക്ക് ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇപ്പോഴത്തെ പരിശോധനകളില്‍ തിളങ്ങുന്ന ഭാഗങ്ങളുള്ള പ്രദേശങ്ങളിലെ താപനില ജലത്തിന് അതിജീവിക്കാന്‍ കഴിയുന്നതിലും വളരെ താഴ്ന്നതാണെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.

ഈ റഡാര്‍ സിഗ്നലുകള്‍ നല്‍കുന്ന സൂചനകള്‍ എന്തിനെക്കുറിച്ചാണെന്ന് നമുക്കിപ്പോഴും ഉറപ്പില്ല. വെള്ളമുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് നമുക്കിപ്പോഴും വ്യക്തതയില്ല. എങ്കിലും ഒന്ന് ഉറപ്പിക്കാം, ചൊവ്വയുടെ ഉള്ളിലായി നേരത്തെ കരുതിയതിലും വളരെയേറെ കൂടുതല്‍ ഭാഗത്ത് ഈ തിളങ്ങുന്ന ഭാഗങ്ങള്‍ ഉണ്ട്. ഒന്നുകില്‍ ചൊവ്വക്കുള്ളില്‍ വെള്ളമുണ്ട്. അല്ലെങ്കില്‍ ദ്രവരൂപത്തിലുള്ള മറ്റെന്തെങ്കിലും ഉണ്ടെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ഗ്രഹങ്ങളെക്കുറിച്ചുള്ള ശാസ്ത്രജ്ഞനായ ജെഫ്രി പ്ലോട്ട് പറയുന്നു.

ചൊവ്വയെക്കുറിച്ച് അടുത്തറിയാനുള്ള യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസിലെ എംഎആര്‍എസ്‌ഐഎസ് (Mars Advanced Radar for Subsurface and Ionosphere Sounding) എന്ന റഡാര്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ചൊവ്വയുടെ ദക്ഷിണ ധ്രുവത്തില്‍ ഉപരിതലത്തിന് താഴെയായി തിളങ്ങുന്ന ഭാഗം കണ്ടെത്തിയത്. പിന്നീട് എംഎആര്‍ എസ്‌ഐഎസ് ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ മൂന്ന് ഭാഗങ്ങളില്‍ കൂടി ഇതേ പ്രതിഭാസം കണ്ടെത്താന്‍ സാധിച്ചു. ഭൂമിയില്‍ ഇരുന്നുകൊണ്ട് ചൊവ്വയില്‍ നിന്നും ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നതിലെ പരിമിതി ഇപ്പോഴും ശാസ്ത്രലോകത്തിനുണ്ട്. 

ചില വസ്തുക്കള്‍ റഡാര്‍ സിഗ്‌നലുകളെ മറ്റുള്ളവയെ അപേക്ഷിച്ച് വേഗത്തിലും ശക്തമായും പ്രതിഫലിപ്പിക്കും. വെള്ളം ഇത്തരത്തിലുള്ള ഒന്നാണ്. അതുകൊണ്ടാണ് ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നുള്ള സിഗ്‌നലുകളുടെ പ്രതിഫലത്തേക്കാള്‍ ആഴത്തില്‍ നിന്നുള്ള പ്രതിഫലന തോത് വര്‍ധിച്ചത് ജലസാന്നിധ്യമായി ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടിയത്. എംഎആര്‍എസ്‌ഐഎസ് റഡാറില്‍ നിന്നുള്ള 15 വര്‍ഷത്തെ വിവരങ്ങള്‍ വിശദമായി പരിശോധിച്ചതോടെ പത്തിലേറെ ഇത്തരം പ്രത്യേകതയുള്ള ഭാഗങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രലോകത്തിനായി. 

ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും ഒരു കിലോമീറ്ററിലും താഴെ ആഴത്തിലാണ് ഇത്തരം പ്രത്യേകതയുള്ള ഭാഗങ്ങള്‍ തിരിച്ചറിഞ്ഞത്. ഈ പ്രദേശങ്ങളില്‍ പലതും -63 ഡിഗ്രി സെല്‍ഷ്യസിലും താഴെ ഊഷ്മാവുള്ളവയാണ്. ഉപ്പുവെള്ളത്തിനു പോലും ഇത്രയും താഴ്ന്ന താപനിലയില്‍ അതിജീവിക്കുക സാധ്യമല്ല. 

അതേസമയം ചൊവ്വയുടെ ഉള്‍ഭാഗത്ത് ഊഷ്മാവ് വര്‍ധിപ്പിക്കുന്ന പ്രതിഭാസങ്ങള്‍ ഏതെങ്കിലും സംഭവിക്കുന്നുണ്ടോ എന്ന സാധ്യതയും പരിശോധിക്കപ്പെടുന്നുണ്ട്. ചൊവ്വയില്‍ അഗ്‌നിപര്‍വ്വതങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് ധ്രുവപ്രദേശങ്ങളിലല്ല കണ്ടെത്തിയിട്ടുള്ളത്. അഗ്‌നിപര്‍വ്വതങ്ങള്‍ പോലുള്ള ഗ്രഹാന്തര്‍ഭാഗത്ത പ്രതിഭാസങ്ങള്‍ ചൊവ്വക്കുള്ളില്‍ വെള്ളത്തെ ദ്രവ രൂപത്തില്‍ സൂക്ഷിക്കുന്നുണ്ടോ എന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ തേടുന്നത്. ജിയോഫിസിക്കല്‍ റിസേര്‍ച്ച് ലെറ്റേഴ്സിലാണ് ചൊവ്വക്കുള്ളിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള വിശദമായ പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വിവരങ്ങള്‍ക്ക് കടപ്പാട്: ജിയോഫിസിക്കല്‍ റിസേര്‍ച്ച് ലെറ്റേഴ്സ്