തിരുവനന്തപുരം: കടുവകളുടെയും കാട്ടാനകളുടെയും കണക്കെടുക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ജനങ്ങൾക്ക് ഭീഷണിയാകുന്ന കടുവകളെ പിടികൂടി പെരിയാർ, പറമ്പിക്കുളം കടുവാ സങ്കേതങ്ങളിൽ പാർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രീയ പഠനം നടത്തി വന്യമൃഗശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു.
വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കടുവകളുടെയും കാട്ടാനകളുടെയും കണക്കെടുപ്പ് ഉടൻ ആരംഭിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 637 പേരാണ് വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മനുഷ്യ-വന്യജീവി സംഘർഷം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണ് ലക്ഷ്യം. വിളനാശമുണ്ടാക്കുന്ന പന്നികളെ വെടിവയ്ക്കാൻ പഞ്ചായത്ത് പ്രസിഡന്‍റുമാർക്ക് അധികാരം നൽകിയതിനുശേഷം രണ്ടായിരത്തിലധികം കാട്ടുപന്നികളെ കൊന്നതായും മന്ത്രി പറഞ്ഞു.
മുമ്പെങ്ങുമില്ലാത്തവിധം മനുഷ്യർ ഭീതിയിൽ ജീവിക്കുമ്പോൾ പഠനം നടത്തുമെന്നാണ് മന്ത്രി പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.