കൊച്ചി: മുനമ്പത്തെ വഖഫ് വിഷയം പഠിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾക്ക് ഇതുവരെ അന്തിമരൂപമായിട്ടില്ല. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം ടേംസ് ഓഫ് റഫറൻസിന് അംഗീകാരം നൽകിയെങ്കിലും നടപടി ക്രമങ്ങൾ ഇനിയും ബാക്കിയാണ്. മൂന്നു മാസംകൊണ്ട് പ്രവർത്തനം തീർക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് മുനമ്പം ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ന്യൂസ് 18 ചാനലിനോട് പറഞ്ഞു.
വഖഫ് അവകാശവാദം ഉന്നയിക്കുന്ന ഭൂമിയിൽ 600 അധികം പേരുടെ രേഖകളാണ് പരിശോധിക്കാനുള്ളത്. ഇത് സങ്കീർണമായ നടപടിയാണ്. എന്നാൽ എല്ലാവരുടെയും സഹകരണം ഉണ്ടെങ്കിൽ വേഗത്തിൽ തീർക്കാൻ കഴിയും. സമാന അവകാശമുള്ളവരുടെ രേഖകൾ ഒരുമിച്ച് പരിശോധിക്കാൻ കഴിഞ്ഞാൽ ചിലപ്പോൾ മൂന്നുമാസം മുൻപേ തീർക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പത്ത് മാനുഷികതയ്ക്ക് മുൻതൂക്കം നൽകിയാകും പ്രവർത്തനം. മറ്റു ചുമതലകൾ മുനമ്പം കമ്മീഷനെ ബാധിക്കില്ലെന്നും ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പറഞ്ഞു. കമ്മീഷനുമായി ബന്ധപ്പെട്ട രേഖകൾ കൈപ്പറ്റിയാൽ ഉടൻ കൊച്ചിയിൽ ഓഫീസ് ആരംഭിക്കും. ഇതിനുശേഷമാകും മുനമ്പം സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു.