കൊല്ലം: കുണ്ടറയിൽ റെയിൽ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരെയാണ് കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ കണ്ടവർ തന്നെയാണ് പിടിയിലായിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവർ മുൻപും ചില കേസുകളിൽ പ്രതികളായിരുന്നുവെന്ന് പൊലീസ് പറയുന്നു. റെയിൽവേ പൊലീസ്, കുണ്ടറ പൊലീസ്, എഴുകോൺ പൊലീസ്, മധുര റെയിൽവേ ക്രൈം ബ്രാഞ്ചും ചേർന്നാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്.
പോസ്റ്റ് മുറിച്ച് ആക്രിയാക്കി വിറ്റ് പണമാക്കുകയായിരുന്നു ഉദ്ദേശമെന്നും അതിനുവേണ്ടിയാണ് പോസ്റ്റ് പാളത്തിൽ കൊണ്ടുപോയി വെച്ചതെന്നുമാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. ട്രെയിൻ കടന്നുപോകുമ്പോള്‍ പോസ്റ്റ് മുറിയുമെന്ന ധാരണയിലാണ് കൊണ്ടുവെച്ചതെന്നാണ് മൊഴി. എന്നാൽ, പ്രതികള്‍ മുമ്പും ക്രിമിനൽ കേസുകളിൽ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. പൊലീസുകാരെ ആക്രമിച്ച കേസിൽ പ്രതിയാണ് ഒരാള്‍. പ്രതികളുടെ മൊഴി ഇതാണെങ്കിലും സംഭവത്തിൽ അട്ടിമറി സാധ്യതയടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.
റെയില്‍ പാളത്തിന് കുറുകെ വച്ച നിലയില്‍ ടെലിഫോൺ പോസ്റ്റ് കണ്ട പ്രദേശവാസിയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ എഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി ടെലിഫോൺ പോസ്റ്റ് നീക്കം ചെയ്തു. സംഭവത്തിൽ അട്ടിമറി സാധ്യത ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.